തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര.  നിയമസഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ തിരഞ്ഞെടുപ്പ്കമ്മിറ്റി അധ്യക്ഷനെന്ന നിലയ്ക്ക് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ ചാണ്ടി കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. എന്നാല്‍ വൈകാരികമായിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയ്ക്ക് ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഴിചാരല്‍ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു. പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്ന വിമര്‍ശനവും ചെന്നിത്തല ഉയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കും. അതില്‍ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുയര്‍ന്നത്.

Content Highlights: Kerala Assembly Election 2021; congress take collective responsibility of election loss