ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണം എന്നാവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. ഉമ്മന്‍ചാണ്ടി ഒഴികെ അഞ്ചുതവണ എംഎല്‍എ ആയവരെ ഒഴിവാക്കണം, രണ്ടുതവണ തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടി..എന്‍.പ്രതാപന്‍ എം.പി. ഉള്‍പ്പടെയുളളവര്‍ ചേര്‍ന്നാണ് കത്ത് ഹൈക്കമാന്‍ഡിന് അയച്ചിരിക്കുന്നത്. 

വിജയസാധ്യത മാത്രമായിരിക്കണം പ്രധാനമാനദണ്ഡമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

 • ഉമ്മന്‍ചാണ്ടി ഒഴികെ അഞ്ചുതവണ എംഎല്‍എ ആയവരെ ഒഴിവാക്കണം
 • തുടര്‍ച്ചയായി രണ്ടുതവണ തോറ്റവരെ പരിഗണിക്കരുത് 
 • പ്രാദേശികമായി ജനസ്വാധീനമുളളവര്‍ക്ക് സീറ്റ്  നല്‍കണം 
 • ഓരോ ജില്ലയിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതാത് ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്ക് തന്നെ പ്രാമുഖ്യം വേണം 
 • മുന്‍കാലങ്ങളില്‍ നടന്ന പോലെ ഗ്രൂപ്പ് വീതം വെപ്പ് പാടില്ല 
 • എല്ലാ ജില്ലകളിലും നിര്‍ബന്ധമായും ഒരു വനിതയെ മത്സരിപ്പിക്കണം 
 • വനിതകള്‍ക്ക് ജയസാധ്യതയുളള സീറ്റുകള്‍ ഉറപ്പുവരുത്തണം 
 • എല്ലാ ജില്ലകളിലും 40 വയസ്സിന് താഴെ പ്രായമുളള രണ്ടുപേര്‍ക്ക് അവസരം നല്‍കണം, ഇത്തരത്തില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിയും. 
 • ഗുരുതര ക്രിമിനല്‍ കേസില്‍ പെട്ടവരേയും സ്വഭാവദൂഷ്യമുളളവരെയും സ്ഥാനാര്‍ഥികളാക്കുന്നത് ഒഴിവാക്കണം. 
 • എല്ലായിടത്തും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണം. അതേസമയം ഏതെങ്കിലും ഒരു മണ്ഡലം ഒരുസമുദായത്തന്റെ കുത്തകയാക്കുന്ന സമീപനം അവസാനിപ്പിക്കണം. 
 • മത-സാമുദായിക ശക്തികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടുന്നത് ഒഴിവാക്കണം. - തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തിലുളളത്. 

 

Content Highlights: Kerala Assembly Election 2021 - Congress leaders letter to high command