പരവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ എൻ.ഡി.എ.സ്ഥാനാർഥി ബി.ബി. ഗോപകുമാറിനെ രണ്ടാമതെത്തിച്ചതും യു.ഡി.എഫ്. സ്ഥാനാർഥി പീതാംബരക്കുറുപ്പിനെ പിന്നോട്ടുവലിച്ചതും ചാത്തന്നൂർ മേഖല. 11,461 വോട്ടുകളുടെ വ്യത്യാസമാണ് പരവൂർ നഗരസഭയും നാലു പഞ്ചായത്തുകളുമടങ്ങുന്ന ഈ മേഖലയിൽ ഇരുസ്ഥാനാർഥികളും തമ്മിലുള്ളത്.

യു.ഡി.എഫ്. സ്വാധീനമുള്ള പഞ്ചായത്തുകളായ പൂയപ്പള്ളിയിലും ആദിച്ചനല്ലൂരിലും പീതാംബരക്കുറുപ്പിന് രണ്ടാമതെത്താൻ കഴിഞ്ഞു. എന്നാൽ, പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനാകാത്തതിനാൽ ജയലാലിനെ മറികടക്കാനായില്ല. യഥാക്രമം 5136, 5846 വോട്ടുകളാണ് നേടിയത്. ജയലാൽ 6531,  8459 വോട്ടുകളും നേടി.

ആദിച്ചനല്ലൂരിൽ 4,753 വോട്ടുനേടിയ ഗോപകുമാറിന് പൂയപ്പള്ളിയിൽ 2,559 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

പൂയപ്പള്ളിയിൽ 1,395ഉം ആദിച്ചനല്ലൂരിൽ 2,613ഉം വോട്ടുകളുടെ മേൽക്കൈയാണ് ജയലാലിനു ലഭിച്ചത്. എന്നാൽ ചിറക്കര, പരവൂർ നഗരസഭ, പൂതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്തുകളിൽ ഗോപകുമാർ പീതാംബരക്കുറുപ്പിനെ ബഹുദൂരം പിന്നിലാക്കി. ചിറക്കരയിലും പൂതക്കുളത്തും ഇരട്ടിയോളമാണ് വോട്ടുവ്യത്യാസം. തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഭരണം പിടിച്ചെടുത്ത പരവൂർ നഗരസഭയിൽപ്പോലും 2,159 വോട്ടുകൾക്കാണ് പീതാംബരക്കുറുപ്പ് ഗോപകുമാറിനു പിന്നിലായത്. ഇതോടെ കഴിഞ്ഞതവണത്തെ മൂന്നാംസ്ഥാനത്തുതന്നെ ഇത്തവണയും തുടരേണ്ടിവന്നു.

വിജയിച്ചെങ്കിലും എൽ.ഡി.എഫ്. സ്ഥാനാർഥി ജി.എസ്.ജയലാലിനും ചാത്തന്നൂർ മേഖല ആശങ്ക സമ്മാനിച്ചു. ജന്മനാടായ കല്ലുവാതുക്കൽ പഞ്ചായത്തിൽ 408 വോട്ടിന്റെ നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. തൊട്ടടുത്ത പഞ്ചായത്തായ ചിറക്കരയിൽ 866 വോട്ടിനാണ് ലീഡ് നിലനിർത്തിയത്.

ചുവപ്പുകോട്ടയായ പൂതക്കുളം പഞ്ചായത്തിൽ 1,462 വോട്ടുകളുടെ ലീഡു മാത്രമാണ് ലഭിച്ചത്. 17,206 വോട്ടിനാണ് ജയലാൽ ഗോപകുമാറിനെ തോൽപ്പിച്ചത്.

Content Highlights:Kerala Assembly Election 2021 BJP leader B B Gopakumar second position in Chathannur