കോഴിക്കോട്:  ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരും കോവിഡിനെതിരേ  പ്രതിരോധം  തീര്‍ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടക്കുന്ന ജില്ലയില്‍ ആളെക്കൂട്ടിയുള്ള സത്യപ്രതിജ്ഞ ഞെട്ടിക്കുന്നതാണെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ഉറ്റവരെയും ഉടയവരെയും മാറ്റി നിര്‍ത്തി ആരോഗ്യ പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. ദിവസക്കൂലിക്ക് വേണ്ടി ചോര നീരാക്കുന്നവര്‍ മുണ്ടു മുറുക്കി വീട്ടില്‍ ഇരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സത്യപ്രതിജ്ഞയില്‍ നിന്നും പിന്‍മാറണമെന്നും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കുള്ള തുറന്നകത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാർഥി യൂണിയനാണ് തുറന്ന കത്തുമായി രംഗത്ത്  വന്നത്.  

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

കേരള ജനത പ്രതീക്ഷയോടെയും അത്യധികം വിശ്വാസമര്‍പ്പിച്ചുമാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ തുടര്‍ ഭരണം എന്ന നാഴികക്കല്ല് സൃഷ്ടിച്ചു കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിനെ തിരെഞ്ഞടുത്തത്. ഈ തിളക്കമാര്‍ന്ന വിജയത്തിനുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് തന്നെ പറയട്ടെ . കേരള സമൂഹം ഒന്നടങ്കം മഹാമാരിയുടെ രണ്ടാം വരവിനു മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പെടാപ്പാട് പെടുകയാണ് സര്‍. ഉറ്റവരെയും ഉടയവരെയും മാറ്റി നിര്‍ത്തി ആരോഗ്യ പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിക്കുകയാണ് സര്‍ . കോവിഡ് മാനദണ്ഡങ്ങളുടെ ചിട്ടയായ പാലനത്തിന് നേതൃത്വം നല്‍കുന്ന ഒരു ഭരണാധികാരിയെന്ന നിലയില്‍ , നിയമ ലംഘനങ്ങള്‍ക്കു മേല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ അനുശാസിക്കുന്ന ഒരു ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലയില്‍ വച്ച് തന്നെ മെയ് 20-ന് നിയുക്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 500 - പേരെ ഉള്‍ക്കൊളളിച്ചു കൊണ്ട് നടത്താനുള്ള തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.

രോഗവ്യാപനത്തോത് കുറയ്ക്കുവാന്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ അടക്കം നടപ്പിലാക്കിയ ഈ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത മനസ്സിലാക്കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ രോഗവാഹകരായി മാറി സാധാരണ ജനങ്ങളിലേക്ക് കൂടി രോഗം പടര്‍ത്തുന്നതിലുള്ള ഗുരുതരാവസ്ഥയെ മുന്നില്‍ കണ്ട് അനുചിതമായ ഈ തീരുമാനം മാതൃകാപരായി ഒഴിവാക്കണം. ദിവസക്കൂലിക്ക് വേണ്ടി ചോര നീരാക്കുന്നവര്‍ മുണ്ടു മുറുക്കി വീട്ടില്‍ ഇരിക്കെ ഇല്ലായ്മയില്‍ നിന്നും സ്വരുക്കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോള്‍ പൊതു ഖജനാവിലെ സമ്പാദ്യം ഇത്തരം ആഘോഷങ്ങളിലേക്ക് ഈ വെല്ലുവിളി നേരിടുന്ന സമയത്തും ചിലവാക്കുന്നതില്‍ നിന്ന് പിന്മാറണം. 

ഞങ്ങളുടെ ഉള്‍പ്പടെയുള്ള സീനിയേഴ്‌സ് താന്‍ ഡോക്ടറാവുന്ന നിമിഷം എത്രയോ വര്‍ഷങ്ങളായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍ പോലും ഇന്റേണ്‍ഷിപ്പിന് ശേഷം യാത്രയയപ്പ് പോലും ഇല്ലാതെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പരിഭവം കൂടാതെ ഡ്യൂട്ടിയില്‍ കയറിയവരാണ് സര്‍.

വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തങ്ങളുടെ വിജയം മഹാമാരിക്കാലത്ത് നിശബ്ദമായി കൊണ്ടാടിയ ഒരു വിദ്യാര്‍ത്ഥി സമൂഹമുണ്ട്, അവ നടത്തിയ സര്‍വകലാശാലകള്‍ ഉണ്ട് . ദയവ് ചെയ്ത് ഞങ്ങളുടെ നിയുക്ത സര്‍ക്കാരും അത്തരത്തില്‍ ഓണ്‍ലൈന്‍  മുഖേനയോ വെര്‍ച്വല്‍ റിയാലിറ്റി വഴിയോ  സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള തീരുമാനം അവലംബിക്കണം.

ഇത് കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ 2021 '-ന്റെ ശബ്ദം മാത്രമല്ല സര്‍ , കേരളത്തിലെ സാധാരണ ജനങ്ങളുടെ കൂടി ആശങ്കയാണ് പങ്കു വയ്ക്കുന്നത്, പോളിംഗ് ബൂത്തില്‍ ഞങ്ങളര്‍പ്പിച്ച പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. വേദി അടക്കം സജ്ജീകരിച്ച ,മുന്‍കൂട്ടി നിശ്ചയിച്ച ഈ തീരുമാനത്തില്‍ നിന്ന് ജനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം പിന്മാറുന്നത് വഴി  ജനാധിപത്യപരമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് ഓണ്‍ ലൈന്‍ പോലെ സമാന്തര രീതികള്‍തിരഞ്ഞെടുക്കുന്നത് വഴി വിമര്‍ശകര്‍ക്കു മുന്നില്‍ തലകുനിക്കുകയല്ല മറിച്ച് മഹാമാരിയില്‍ നിന്നും തല ഉയര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന സമൂഹത്തിന് മുന്നില്‍ ഉത്തമ ഭരണാധികാരിയായി മാറുമെന്നതില്‍ സന്ദേഹമില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ഈ അപേക്ഷ പരിഗണിച്ച് കാര്യഗൗരവത്തോടെ മാതൃകാപരമായ ഒരു തീരുമാനം തന്നെ കൈക്കൊള്ളുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു.


എന്ന് വിശ്വസ്തയോടെ
കോളേജ് യൂണിയന്‍ '21
ഗവ.മെഡിക്കല്‍ കോളേജ്,
കോഴിക്കോട്