രണ്ടാം പിണറായി മന്ത്രിസഭാംഗങ്ങൾ.ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായതോടെ പ്രാതിനിധ്യമില്ലാതെ പോയത് വയനാട് ജില്ലയും കാസര്‍കോട് ജില്ലയും. കഴിഞ്ഞ തവണയും വയനാടിന് മന്ത്രിയില്ലായിരുന്നുവെങ്കിലും സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനിലൂടെ കാസര്‍കോടിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ പുതുമുഖങ്ങളെന്ന നയം സി.പി.ഐയും പാലിച്ചതോടെയാണ് സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ ഇ. ചന്ദ്രശേഖരന്റെ വഴിയടഞ്ഞത്. പകരം മറ്റൊരു ദേശീയ കൗണ്‍സില്‍ അംഗമായ കൊല്ലത്ത് നിന്നുള്ള ചിഞ്ചുറാണിക്ക് നറുക്ക് വീഴുകയും ചെയ്തു.
പിണറായി വിജയനൊപ്പം കണ്ണൂരില്‍ നിന്ന് മന്ത്രിയാകുമെന്ന് കരുതിയ കെ.കെ. ശൈലജയെ അവസാന നിമിഷം മാറ്റി നിര്‍ത്തിയതാണ് അപ്രതീക്ഷിത ട്വിസ്റ്റായത്. ശൈലജ മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എം.വി. ഗോവിന്ദനും മാത്രമായി കണ്ണൂരില്‍നിന്നുള്ള പ്രതിനിധികള്‍. ഒറ്റ എം.എല്‍.എയുള്ള കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്കിയപ്പോള് കൂത്തുപറമ്പില്‍ നിന്നുള്ള എല്‍.ജെ.ഡിയുടെ ഏക എം.എല്‍.എ കെ.പി മോഹനനെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്നതും ശ്രദ്ധേയമായി.
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയില്നിന്നും ജയിച്ച കാനത്തില്‍ ജമീലയെ പരിഗണിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന് നറുക്ക് വീണതോടെ കാനത്തില്‍ ജമീലയുടെ സാധ്യതയടഞ്ഞു. എന്നാല്‍, സി.പി.എമ്മിന് റിയാസിലൂടെ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പിക്കാനും കഴിഞ്ഞു. ഒറ്റ എം.എല്‍.എ. മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്കാന് തീരുമാനമെടുത്തതോടെയാണ് കോഴിക്കോട് സൗത്തില്‍ നിന്ന് അട്ടിമറി വിജയം കരസ്ഥമാക്കിയ ഐ.എന്‍.എല്‍. പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിന് നറുക്ക് വീണത്. എന്‍.സി.പി. മന്ത്രിയെന്ന നിലയില്‍ എലത്തൂരില്‍ നിന്ന് എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനത്തെത്തി.
മലപ്പുറത്ത് എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച വി.അബ്ദുറഹ്മാനെ പരിഗണിച്ചതും ശ്രദ്ധേയമാണ്. യു.ഡി.എഫ്. മണ്ഡലമായിരുന്ന താനൂര്‍ 2016 മുതലാണ് അവര്‍ക്ക് നഷ്ടപ്പെട്ടത് തുടങ്ങിയത്. മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇത്തവണ യൂത്ത്ലീഗിന്റെ സമര മുഖമായ പി.കെ ഫിറോസിനെ തന്നെ ഇവിടെയിറക്കിയിരുന്നുവെങ്കിലും വിജയം വി.അബ്ദുറഹ്മാനൊപ്പമായിരുന്നു. 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താനൂരില്‍ നിന്ന് വി.അബ്ദുറഹ്മാന് വിജയിച്ച് കയറിയത്.
കെ.കൃഷ്ണന്‍കുട്ടിക്ക് മന്ത്രി സ്ഥാനവും എം.ബി. രാജേഷിന് സ്പീക്കര്‍ സ്ഥാനവും നല്‍കിയാണ് പാലക്കാടിന്റെ പ്രാതിനിധ്യം ഉറപ്പിച്ചത്. തൃശ്ശൂരില്‍ നിന്ന് മൂന്ന് പേരാണ് ഇത്തവണ മന്ത്രിസഭയിലേക്കെത്തിയത് കെ. രാധാകൃഷ്ണനും ബിന്ദുവും കെ. രാജനും. എറണാകുളത്ത് നിന്ന് പി.രാജീവും ആലപ്പുഴയില്‍നിന്ന് സജി ചെറിയാനും പി.പ്രസാദും മന്ത്രിസഭയിലേക്കെത്തിയപ്പോള് ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിനാണ് കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായി മന്ത്രിസഭയിലുള്ളത്. കോട്ടയത്ത് നിന്ന് എന്‍.വാസവന് മന്ത്രിയായപ്പോള്‍ പത്തനംതിട്ടയില്‍ നിന്ന് വനിതാ മന്ത്രിയായി വീണ ജോര്‍ജുമെത്തി.
1964 ന് ശേഷം ആദ്യമായി സി.പി.ഐക്ക് ഒരു വനിതാമന്ത്രിയെ ലഭിച്ചുവെന്നതാണ് കൊല്ലത്തെ പ്രത്യേകത. ചിഞ്ചുറാണിയും ബാലഗോപാലുമാണ് കൊല്ലത്ത് നിന്നുള്ള മന്ത്രിമാര്‍. തിരുവനന്തപുരത്ത് നിന്ന് വി.ശിവന്‍കുട്ടിയും സി.പി.ഐയില്‍നിന്ന് ജി.ആര്. അനിലും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആന്റണി രാജുവും മന്ത്രിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..