തിരുവനന്തപുരം: ഇടതു മന്ത്രിസഭയിലെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി സി.പി.എം നേതാക്കള്‍ ഇന്ന്‌ ചർച്ച നടത്തും. മെയ് 17 നാണ് എൽഡിഎഫ് യോഗം. ഇതിന് മുമ്പ് മന്ത്രിസ്ഥാനങ്ങൾ തീരുമാനിക്കുക എന്നതാണ് ചർച്ചയുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലക്യഷ്ണനുമാണ് ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ പുതുമുഖങ്ങൾക്ക് മന്ത്രി സ്ഥാനം നൽകണമെന്നാണ് പൊതുവികാരം.

കേരളാ കോൺഗഗ്രസ് എം, എൻ.സി.പി, ജനതാദൾ, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, ഐ എൻ എൽ എന്നീ പാർട്ടികളുമായിട്ടാണ് സിപിഎം ചർച്ച നടത്തുക. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുള്ളത്. എങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും അവർക്ക് നൽകാനാണ് സാധ്യത.

എൻസിപി, ജനതാദൾ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. ആന്റണി രാജുവിനും കെ ബി ഗണേഷ് കുമാറിനും മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. എന്നാൽ ഒരാൾ മാത്രം ജയിച്ച ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചാൽ ഇവരുടെ സാധ്യത അടയും. കോൺഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാവില്ല എന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.

സി.പി.ഐ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും കൈവശം വെച്ച് ചീഫ് വിപ്പ് സ്ഥാനം വിട്ടുകൊടുക്കുമെന്നാണ് സൂചന. സി.പി.എമ്മിന് കഴിഞ്ഞ തവണ 13 മന്ത്രിസ്ഥാനങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അത് 12 ആയി കുറയും.

ഇന്നും നാളെയുമായി മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. 17ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം സംബന്ധിച്ച അവസാന തീരുമാനം ഘടകക്ഷികളെ അറിയിക്കും. തുടർന്ന് 18 ന് എല്ലാ പാർട്ടികളുടേയും നേതൃയോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും. ഇതിന് ശേഷം എൽ ഡി ഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കും. ഇരുപതാം തീയതിയാണ് സത്യപ്രതിജ്ഞ.