കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്ലിം ലീഗില്‍ തിരുത്തലുകള്‍ വേണമെന്നും വിമര്‍ശനമുള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും  ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സംയുക്ത പ്രസ്താവന. അനുകൂല സാഹചര്യമുണ്ടായിട്ടും വളരെ തിളക്കം കുറഞ്ഞ വിജയം പാര്‍ട്ടിയുടെ കുറഞ്ഞു വരുന്ന ജനസ്വാധീനത്തെ സൂചിപ്പിക്കുന്നുവെന്നും പലയിടത്തും സിറ്റിംഗ് സീറ്റുകള്‍ വരെ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പാണക്കാട് സയ്യിദ് മുനവിറലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കെതിരെ സമൂഹ മാധ്യമ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട കൂട്ട പ്രതിഷേധം നിലവിലുള്ള പാര്‍ട്ടി നിലപാടുകളോടുള്ള പ്രവര്‍ത്തകരുടെ വിയോജിപ്പിന്റെ സൂചനകളാണ്. അത് മുഖവിലക്കെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ബാധ്യസ്ഥരാണെന്നും വിവിധ യൂണിറ്റ് കമ്മിറ്റികള്‍, കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍,  അധ്യാപകര്‍, മുന്‍ പാര്‍ട്ടി ഭാരവാഹികള്‍, വിവിധ കെഎംസിസി ഭാരവാഹികള്‍ ഒപ്പ് വെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

തോറ്റ മണ്ഡലങ്ങളായ കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി, താനൂര്‍, അഴീക്കോട് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് ചര്‍ച്ച, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സംഭവിച്ച പാളിച്ചകളും അതോടൊപ്പം  മൊത്തത്തില്‍ പാര്‍ട്ടി നേരിടുന്ന വോട്ട് ചോര്‍ച്ചയും വിശദമായി പഠിക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്ന പ്രസ്താവനയില്‍ നിരവധി അനുഭാവികളും പ്രവര്‍ത്തകരും ഒപ്പ് വെച്ചിട്ടുണ്ട്.