കോഴിക്കോട്: രാഹുല്‍ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരെന്ന് നടിച്ച് നടക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ളവരെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തില്‍ നിലം തൊടാന്‍പോവുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. കെ.പി.സി.സി ആസ്ഥാനത്തിന് അരികേയുള്ള നേമത്ത് മത്സരം നടക്കുമ്പോള്‍ അവിടെ എത്തി നോക്കാന്‍ പോലും തയ്യാറാവാത്ത നേതാവാണ് മുല്ലപ്പള്ളി. നേമത്ത് പോകാതിരുന്നത് തന്നെ ക്ഷണിക്കാത്തത് കൊണ്ടാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ക്ഷണിക്കാന്‍ അവിടെ മുരളിയുടെ മകളുടെ കല്ല്യാണമല്ല നടന്നതെന്നും  ഇത്തരം കെ.പി.സി.സി പ്രസിഡന്റുണ്ടാകുമ്പോള്‍ എങ്ങനെയാണ് യു.ഡി.എഫ് ജയിച്ച് കയറുകയെന്നും മുഖപത്രം ചോദിക്കുന്നു. 

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും നേമത്ത് എത്തുന്നതില്‍ നിന്ന് ആദ്യം വിലക്കിയത് മുല്ലപ്പള്ളിയാണെന്ന് സംശയിക്കുന്നു. സി.എ.എ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ഇതിനെ പറ്റി ഒരക്ഷരം  പറയാത്ത നേതാക്കളില്‍ പ്രധാനിയാണ് മുല്ലപ്പള്ളി. ഇത്തരം നേതൃത്വത്തിന്റെ മനസ്സിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മത നിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം നിന്നെങ്കില്‍ ന്യൂനപക്ഷ പിന്തുണയും അവര്‍ക്ക്  കിട്ടിയെങ്കില്‍ അതാണ് ശരിയായ മതനിരപേക്ഷ ജനാധിപത്യമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. 

തോല്‍ക്കുമ്പോള്‍ മാത്രം പറയുന്ന പാളിച്ചകള്‍ പഠിക്കുമെന്ന വാക്ക് മാത്രമാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. പാഠം പഠിക്കുക പോയിട്ട് താളുപോലും മറച്ച്  നോക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. ഇത്തരം  വാക്കുകള്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ കെ.പി.സി.സി ആസ്ഥാനത്ത് ചില്ലിട്ട് വെച്ചിരിക്കുകയാണെന്നും മുഖപത്രം കളിയാക്കി.