കെ.പി കുഞ്ഞമ്മദ് കുട്ടി
കോഴിക്കോട്:കുറ്റ്യാടി മണ്ഡലം കേരളകോണ്‍ഗ്രസ് എം(ജോസ്) വിഭാഗത്തിന് വിട്ട് നല്‍കിയെന്ന പേര് പറഞ്ഞ് തന്റെ പേരും ഫോട്ടോയും വെച്ച് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇടതുപക്ഷ സര്‍ക്കാറിന്റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുത്. സി.പി.എം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു.
ഇന്നലെയായിരുന്നു കുറ്റ്യാടിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടിക്കായി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം നടത്തിയത്. 2016-ല്‍ സി.പി.എമ്മിന്റെ കെ.കെ ലതികയില് നിന്നും പാറക്കല്‍ അബ്ദുള്ളയിലൂടെ ലീഗ് പിടിച്ചെടുത്തതായിരുന്നു കുറ്റ്യാടി മണ്ഡലം. എന്നാല്‍ ഇത് ഇത്തവണ തിരിച്ച് പിടിക്കണമെന്നും അതിന് ശക്തമായ സ്ഥാനാര്‍ഥി വരണമെന്നും നേരത്തെ പ്രാദേശിക പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ മണ്ഡലം കേരളകോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന് നല്‍കിയതോടെ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് വിട്ടു നല്കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത്തരം പ്രചരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നില്‍ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ഇടതുപക്ഷ സര്‍ക്കാറിന്റെ തുടര്‍ഭരണ സാധ്യതയ്ക്ക് മങ്ങലേല്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സിപിഎം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓര്‍മിപ്പിക്കുന്നു.
സിപിഎമ്മിലും സ്ഥാനാര്‍ത്ഥി തര്‍ക്കമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയും എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാര്‍ടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാര്‍ഥികളെയും തീരുമാനിക്കുന്നത്.
ആ തീരുമാനങ്ങള്‍ക്ക് വിധേയമായി കുറ്റ്യാടി മണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനും 2016ല്‍ ഇടതു പക്ഷത്തിന് നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഓരോ എല്‍ ഡി എഫ് പ്രവര്‍ത്തകന്റെയും അനുഭാവികളുടെയും കടമ.
പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും തുടര്‍ച്ച ഉണ്ടാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് ഭരണ തുടര്‍ച്ച ഉണ്ടായേ മതിയാവൂ എന്ന രാഷ്ടീയ ബോധ്യത്തോടെ, കുറ്റ്യാടി മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..