മുഴുവന്‍ പറഞ്ഞാല്‍ മലയാളികള്‍ തലകുനിക്കേണ്ടി വരുമെന്ന് റോജി; മൂന്നാംകിട കുശുമ്പെന്ന് മന്ത്രി


മന്ത്രി ആർ.ബിന്ദു, റോജി എം ജോൺ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലശാലയിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്‍മേലുള്ള ചര്‍ച്ചയില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും പറയാന്‍ തങ്ങള്‍ക്കും മടിയുണ്ടെന്നും ഇതൊക്കെ പറഞ്ഞു കഴിഞ്ഞാല്‍ കേരളത്തെ ഓര്‍ത്ത് മലയാളികള്‍ തലകുനിക്കേണ്ടി വരുമെന്നും പ്രമേയം അവതരിപ്പിച്ച റോജി എം.ജോണ്‍ എംഎല്‍എ പറഞ്ഞു.

കേരളത്തിലെ പല സര്‍വകലാശാലകളുടേയും റാങ്കിങ് താഴ്ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മികവിന്റെ കേന്ദ്രങ്ങളായി കേരളത്തിലെ സര്‍വകലാശാലകള്‍ മാറികൊണ്ടിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് മൂന്നാംകിട കുശുമ്പാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു മറുപടി നല്‍കി.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധുനിയമനങ്ങള്‍ റോജി എം.ജോണ്‍ അക്കമിട്ട് നിരത്തിയപ്പോള്‍ എല്ലാം നിയമാനുസൃതമാണെന്ന് മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ നിയമനങ്ങളും മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളിലായി 523 പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസി.പ്രൊഫസര്‍ നിയമനങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്ന് മറുപടി നല്‍കവെ മന്ത്രി ബിന്ദു വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വലകാശാലയില്‍ 40, കോഴിക്കോട് സര്‍വകലാശാലയില്‍ 76, എംജി സര്‍വകലാശാലയില്‍ 46, ശ്രീശങ്കര സര്‍വലകലാശാലയില്‍ 43, കൊച്ചി സര്‍വകലാശാലയില്‍ 165, കേരള സര്‍വകലാശാലയില്‍ 53 എന്നിങ്ങനെയാണ് നിയമനങ്ങള്‍ നടത്തിയത്. ഇവരെല്ലാം നിയമനത്തിന് യോഗ്യരാണെന്ന് നിയമപരമായി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി സാക്ഷ്യപ്പെടുത്തിയതാണ്. അപൂര്‍വ്വം ചില നിയമനങ്ങളില്‍ മാത്രമാണ് നിയമനടപടികളും ആരോപണങ്ങളും ഉണ്ടായിട്ടുള്ളത്.

യുജിസിയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിമയനം നടന്നിട്ടുള്ളതെന്ന് മന്ത്രി ആര്‍.ബിന്ദു വിശദീകരിച്ചു.

'22-9-2021 നാണ് കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. പത്ത് അപേക്ഷകള്‍ ലഭിച്ചതില്‍ സ്‌ക്രീനിങ് കമ്മിറ്റി ആറ് പേരെ മുഖാമുഖത്തിന് ക്ഷണിക്കുകയും ചെയ്തു. യുജിസി റെഗുലേഷന്‍ നിര്‍ദേശിക്കുന്ന മിനിമം അക്കാദമിക് യോഗ്യതയുള്ളവരെയാണ് അഭിമുഖത്തിന് വിളിച്ചത്. യുജിസി റെഗുലേഷന്‍ പ്രകാരം രൂപീകരിച്ച വൈസ് ചാന്‍സിലര്‍ ചെയര്‍മാനായ പത്തംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ഇവരെ ഇന്റര്‍വ്യൂ നടത്തിയത്. എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിച്ചാണ് മാര്‍ക്കിട്ട് ഒരു സെലക്ട് ലിസ്റ്റ് തയ്യാറാക്കിയത്. സിന്‍ഡിക്കേറ്റ് ഇത് അംഗീകരിക്കുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അന്തിമ പട്ടിക തയ്യാറാക്കി വരികയാണ്. ഇതിനിടയിലാണ് കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്' മന്ത്രി പറഞ്ഞു.

ഇതിനിടെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് റോജി ജോണ്‍ എംഎല്‍എ പ്രിയാ വര്‍ഗീസിന്റെ പേര് പരാമര്‍ശിച്ചത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചും സഭയില്‍ പറയാന്‍ സാധിക്കില്ലെങ്കില്‍ അത് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ റോജി പേരുകള്‍ പറയാന്‍ നിന്നാല്‍ ഇവിടെ ഇരിക്കുന്ന പല ആളുകളുടേയും അവരുടെ ഭാര്യമാരുടേയും പേരുകള്‍ പറയേണ്ടി വരുമെന്നും വ്യക്തമാക്കി.

'യു.ജി.സി.യുടെ ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക്‌ നേരിട്ട് അപേക്ഷിക്കാന്‍വേണ്ട യോഗ്യതകളിലൊന്ന് അംഗീകൃത സ്ഥാപനങ്ങളില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയമാണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെ അടിസ്ഥാന യോഗ്യത പോലുമില്ലാതെ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ നിയമനം കൊടുത്തിരിക്കുന്നത് റോജി ജോണ്‍ ചൂണ്ടിക്കാട്ടി.

ഒരു നേതാവിന്റെ ഭാര്യക്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കുസാറ്റില്‍ നിയമനം നല്‍കി. ഡാറ്റ തട്ടിപ്പില്‍ ആരോപണ വിധേയ ആയ മറ്റൊരു നേതാവിന്റെ ഭാര്യക്ക് കേരള സര്‍വകലാശാലയില്‍ അധ്യാപികയായി നിമയനം നല്‍കി. എല്ലാ യോഗ്യതയും ഉള്ളവരെ മാറ്റിനിര്‍ത്തി കൊണ്ടായിരുന്നു ഇത്. ഈ വ്യക്തി തന്നെ കേരള സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആകാന്‍ സമര്‍പ്പിച്ച ഡാറ്റ തട്ടിപ്പ് തനിക്ക് പറ്റിയ വീഴ്ചയാണെന്നും മാപ്പക്കണമെന്നും ആവശ്യപ്പെട്ട് പ്രസാധകന് കത്ത് കൊടുത്തിട്ടുണ്ട്. വീഴ്ച പറ്റിയെന്ന് സ്വയം പറഞ്ഞ അതേ പ്രസിദ്ധീകരണം ഉപയോഗിച്ച് അധ്യാപിക നിയമനം നേടുകയും ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് ബിരുദത്തിന് സമര്‍പ്പിച്ച പ്രബന്ധം കോപ്പിയടിച്ചതാണെന്ന് സിന്‍ഡിക്കേറ്റ് അന്വേഷണ സമിതി കണ്ടെത്തിയ വ്യക്തിയെ അവിടെ തന്നെ നിയമിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയിലായിരുന്ന ഈ വ്യക്തി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഇടതുപക്ഷ സംഘടനയിലേക്ക് മാറി. അതോടെ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് നിയമനം നല്‍കി' റോജി പറഞ്ഞു.

എപ്പോഴൊക്കെ ഇടതുപക്ഷ സര്‍ക്കാരുകള്‍ മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഒരു മൂന്നാംകിട കുശുമ്പിന്റെ അതേ ആവിഷ്‌കാരങ്ങളാണ് ഇവിടെ കാണാന്‍ കഴിയുന്നതെന്ന് മന്ത്രി ബിന്ദു മറുപടി നല്‍കി.

ഉന്നതവിദ്യാഭ്യാസം എപ്പോഴും പണവും സ്വാധീനവും ഉള്ളവരുടെ കേന്ദ്രമാക്കി മാറ്റിനിര്‍ത്തുന്നതിന് വേണ്ടിയുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢലക്ഷ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ ഇടത് സര്‍ക്കാര്‍ നടത്തിയ വികസന-വികസനേതര പ്രവര്‍ത്തനങ്ങള്‍ മന്ത്രി എണ്ണി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ നിയമനങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.

സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തിലേക്കും ഒളിച്ചുകടത്താന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നും ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: roji m john-kerala assembly-controversial appointment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented