തിരുവനന്തപുരം: പ്രത്യേക തീവണ്ടികളിലായി സംസ്ഥാനത്ത് തിരിച്ചെത്തുന്നവര്‍ക്ക് വിപുലമായ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചെത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും രോഗലക്ഷണമില്ലാത്തവര്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹോം ക്വാറന്റൈന്‍ പാലിക്കാത്തവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

തിരുവനന്തപുരത്തേക്ക് വരുന്ന തീവണ്ടിക്ക് മതിയായ സ്റ്റോപ്പുകള്‍ ഇല്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഈ സാഹചര്യത്തില്‍ കേരളത്തില്‍ രാജധാനി എക്‌സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിന് പുറത്ത് ഒരു സ്ഥലങ്ങളിലും തീവണ്ടി നിര്‍ത്തരുതെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍നിന്ന് യാത്രാ പാസ് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. യാത്രാ പാസിന് അപേക്ഷിക്കാത്തവര്‍ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കില്‍ പുതുതായി പാസിന് അപേക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാസില്ലാതെ എത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. സ്‌റ്റേഷനില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എസി തീവണ്ടികള്‍ രോഗവ്യാപന സാധ്യത കൂട്ടുമെന്നതിനാല്‍ എസി ഇല്ലാത്ത തീവണ്ടികളാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തീവണ്ടികളില്‍ സംസ്ഥാനത്തേക്ക് എത്തുന്നവരുടെ സുരക്ഷാ പരിശോധന ഏകോപിക്കുന്നതിന് ഡിഐജി എ അക്ബറിന് ചുമതല നല്‍കിയതായും പ്രധാന റെയില്‍ സ്റ്റേഷനുകളില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ക്ക് Click

content highlights; kerala asked more stop for special trains says pinarayi vijayan, covid 19, corona virus