ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. പൊതു താത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമനം റദ്ദാക്കി ഹൈക്കോടതി പുറപ്പടുവിച്ച ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
2018 ജനുവരിയിലാണ് അന്തരിച്ച മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായരുടെ മകന് ആര് പ്രശാന്തിന് പൊതു മരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നല്കുവാന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ഇതിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നിയമനം റദ്ദാക്കിയ ഹൈകോടതിക്ക് പിഴവ് പറ്റിയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സികെ ശശി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ട്. വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും, നിയമപ്രകാരമുള്ള ചട്ടങ്ങള്‍ക്ക് എതിരാണെങ്കിലും ഹൈക്കോടതിക്ക് നിയമനം റദ്ദാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ ആര് പ്രശാന്തിന് ആവശ്യമായ യോഗ്യതകള്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രശാന്തിന്റെ നിയമനം കാരണം ആര്‍ക്കും അവസരം നഷ്ടപ്പെട്ടില്ല. മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ച് ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആണ് തസ്തിക രൂപീകരിച്ചത് എന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരന് അല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നായിരുന്നു ഹര്ജിക്കാരന് ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്ന വാദം.
Content Highlights: kerala approaches supreme court in placement of ex mla kk ramachandrans son`s placement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..