ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാത്തിടത്തോളം ഭിക്ഷാടനം നിരോധിക്കാന്‍ ആകില്ലെന്ന സുപ്രീം കോടതി വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നത്തിന്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ദരിദ്രരായ മനുഷ്യരോടുണ്ടാകേണ്ടത് സഹാനുഭൂതിയും സഹായിക്കാനുള്ള സന്നദ്ധതയുമാണ്. അവരെ കൈപിടിച്ചുയര്‍ത്തി ദാരിദ്ര്യത്തില്‍നിന്ന് വിമോചിതരാക്കിയാല്‍ മാത്രമേ ഭിക്ഷാടനം ആവശ്യമില്ലാത്ത ലോകം സാധ്യമാവുകയുള്ളൂ. അതത്ര നിഷ്പ്രയാസം നേടാവുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിതീവ്ര ദാരിദ്ര്യം തുടച്ചുനീക്കാന്‍ കേരളം പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി നടക്കുന്ന സര്‍വേ നാലുമാസത്തിനകം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൈക്രോപ്ലാനുകള്‍ തയ്യാറാക്കി അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ അതില്‍ നിന്നും മോചിതരാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറയുന്നു. 

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാത്തിടത്തോളം ഭിക്ഷാടനം നിരോധിക്കാന്‍ ആകില്ലെന്ന സുപ്രീം കോടതി വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നത്തിന്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. മനുഷ്യര്‍ ഭിക്ഷാടകര്‍ ആകേണ്ടി വരുന്നത് അവര്‍ അത് ആഗ്രഹിക്കുന്നതു കൊണ്ടല്ല. ദാരിദ്ര്യവും പട്ടിണിയുമാണ് അതിനവരെ നിര്‍ബന്ധിതരാക്കുന്നത്. ദാരിദ്ര്യവും അതിന്റെ പാര്‍ശ്വഫലങ്ങളിലൊന്നായ ഭിക്ഷാടനവും നിരോധനം കൊണ്ട് ഇല്ലാതാകുന്നവയല്ല. അത്തരമൊരു കാഴ്ചപ്പാടല്ല നമുക്കുണ്ടാകേണ്ടത്. ദരിദ്രരായ മനുഷ്യരോടുണ്ടാകേണ്ടത് സഹാനുഭൂതിയും സഹായിക്കാനുള്ള സന്നദ്ധതയുമാണ്. അവരെ കൈപിടിച്ചുയര്‍ത്തി ദാരിദ്ര്യത്തില്‍ നിന്നും വിമോചിതര്‍ ആക്കിയാല്‍ മാത്രമേ ഭിക്ഷാടനം ആവശ്യമില്ലാത്ത ലോകം സാധ്യമാവുകയുള്ളൂ. അതത്ര നിഷ്പ്രയാസം നേടാവുന്ന കാര്യമല്ല.
അക്കാര്യം നാടിന്റെ നയമായി മാറുകയും ഇച്ഛാശക്തിയോടെ നടപ്പിലാക്കാന്‍ സാധിക്കുകയും വേണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ആ ദിശയില്‍ ഉള്ള ചുവടുവയ്പാണ് അതിതീവ്ര ദാരിദ്ര്യം തുടച്ചു നീക്കുന്നതിനായി കേരളം ആവിഷ്‌കരിച്ച പുതിയ പദ്ധതി. അതിന്റെ ഭാഗമായി നടക്കുന്ന സര്‍വേ നാലു മാസത്തിനകം പൂര്‍ത്തിയാകും. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൈക്രോപ്ലാനുകള്‍ തയ്യാറാക്കി അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ അതില്‍ നിന്നും മോചിതരാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. മികച്ച രീതിയില്‍ ആ ലക്ഷ്യം കൈവരിക്കുന്നതിനായി നമുക്കേവര്‍ക്കും ഒരുമിച്ചു മുന്നോട്ടു പോകാം.

content highlights: Kerala aims to eradicate extreme poverty in 5 years, says chief minister