-
തിരുവനന്തപുരം: ജനസംഖ്യാപരമായ രൂപാന്തരം (Demographic Transition) പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിന് അതിവേഗം വയസാകുന്നതായി റിപ്പോര്‍ട്ട്. ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍വെച്ച 2019-ലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
1961-ല്‍ കേരളത്തില്‍ അറുപതു വയസ്സിനു മേല്‍ പ്രായമുണ്ടായിരുന്നവര്‍ 5.1 ശതമാനായിരുന്നു. ദേശീയ ശരാശരിയായ 5.6 ശതമാനത്തിനു തൊട്ടുതാഴെയായിരുന്നു ഇത്. 1980 മുതല്‍ 2001 വരെയുള്ള കാലത്തും കേരളത്തിലെ അറുപതു വയസിനു മേല്‍ പ്രായമുള്ളവരുടെ ശതമാനം ദേശീയ ശരാശരിക്ക് താഴെയായിരുന്നു.
എന്നാല്‍ 2001-ഓടെ കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ശതമാനം 10.5 ആയി. ദേശീയ ശരാശരി 7.5 ശതമാനവും. 2011-ല്‍ അറുപതു വയസിനു മേല്‍ പ്രായമുള്ളവരുടെ ദേശീയ ശരാശരി 8.6 ശതമാനമായിരുന്നു. കേരളത്തിലാകട്ടെ 12.6 ശതമാനവും.
2015-ല്‍ കേരളത്തില്‍ അറുപതുവയസ്സിനു മേല്‍ പ്രായമുള്ളവര്‍ 13.1 ശതമാനമായിരുന്നു. ദേശീയ ശരാശരി 8.3%. 2015-ലെ എസ്.ആര്‍.എസ്. സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട് പ്രകാരമുള്ള കണക്കാണിത്.
നിലവില്‍ (2018-ല്‍ അനുമാനിക്കാവുന്നത്) കേരളത്തില്‍ അറുപതു വയസിനും അതിനു മുകളിലും പ്രായമുള്ള 48 ലക്ഷം ആളുകളുണ്ട്. ഇവരില്‍ 15% പേര്‍ 80 വയസ്സ് കഴിഞ്ഞവരാണെന്നും എക്കണോമിക് റിവ്യൂ പറയുന്നു. കേരളത്തില്‍ അറുപതു വയസ്സു കഴിഞ്ഞവരുടെ എണ്ണത്തില്‍ കൂടുതല്‍ സ്ത്രീകളാണ്. ഇവരില്‍ കൂടുതലും വിധവകളാണ്.
content highlights: Kerala ageing faster than rest of india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..