കെൻസിക
തിരുവനന്തപുരം: ജന്മനാ ഇരുചെവികള്‍ക്കും കേള്‍വി ശക്തി ഇല്ലാതെ ജനിച്ച കെന്‍സികയുടെ ചികിത്സയ്ക്കായി സഹായം തേടുകയാണ് ഒരു കുടുംബം. തിരുവനന്തപുരത്ത് താമസിക്കുന്ന നടേഷ് - ഹേമലത ദമ്പതികളുടെ ഏക മകള്‍ കെന്‍സികയ്ക്ക് ജന്മനാ കേള്‍വി ശക്തി തുലോം കുറവാണ്. കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിച്ചാല്‍ കുട്ടിയ്ക്ക് 90 ശതമാനത്തോളം കേള്‍വി വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിന് 35 ലക്ഷം രൂപയോളം ചെലവാകുമെന്നതാണ് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ നടേഷിനെ വലയ്ക്കുന്നത്.
തന്റെ വരുമാനവും സുഹൃത്തുക്കളുടെ സഹായവും ചേര്‍ന്നിട്ടും കൂട്ടിയാല്‍ മുട്ടാത്ത ചെലവുകണക്കിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഇദ്ദേഹം. 2017ലാണ് കെന്‍സിക ജനിച്ചത്. തമിഴ്നാട്ടിലായിരുന്നു ജനനം. ജനന സമയത്ത് കൃത്യമായ പരിശോധനയ്ക്ക് ജനനം നടന്ന ആശുപത്രിയില്‍ സൗകര്യമുണ്ടായിരുന്നില്ല. എന്നാല്‍ കെന്‍സികയ്ക്ക് മൂന്ന് വയസായപ്പോഴാണ് മകള്‍ക്ക് മറ്റുള്ളവരേപ്പോലെ കേള്‍ക്കാന്‍ സാധിക്കില്ല എന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.
അപ്പോഴേക്കും കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ മകള്‍ക്ക് വൈദ്യസഹായം ഉറപ്പുവരുത്താന്‍ സാധിക്കാതെ പോയി. ഇപ്പോള്‍ സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് പരിശ്രമിച്ച് 15 ലക്ഷത്തോളം രൂപ സമാഹരിച്ചു. എന്നാല്‍ കെന്‍സികയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ട ഡിവൈസിന് 31 ലക്ഷത്തിന് മുകളില്‍ ചെലവ് വരും.
വരുന്ന 15നാണ് കോക്ലിയര്‍ ഇംപ്ലാന്റ് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് എട്ടാം തിയതിക്കകം പണമടച്ചാല്‍ മാത്രമേ കുട്ടിയുടെ തലയില്‍ സ്ഥാപിക്കേണ്ട ഡിവൈസ് മുംബൈയില്‍ നിന്ന് എത്തിക്കാനാകു. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും തുക കണ്ടെത്താനാകാതെ വലയുകയാണ് നടേഷും കുടുംബവും.
കുട്ടിക്ക് അഞ്ച് വയസിനുള്ളില്‍ ഈ ശസ്ത്രക്രിയ നടത്തിയിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്രയും നാള് ശബ്ദങ്ങള്‍ കേള്‍ക്കാത്തതിനാല്‍ തന്നെ സംസാര വൈകല്യമുണ്ടാകാതിരിക്കാനാണ് ഇത്. ചില ശബ്ദങ്ങള്‍ മാത്രമെ കെന്‍സികയ്ക്ക് കേള്‍ക്കാന്‍ സാധിക്കു. തിരിച്ചറിയാന്‍ വൈകിയതിനാലും രണ്ട് ചെവികള്‍ക്കും കേള്‍വിയില്ലാത്തതിനാലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ ഇവര്‍ക്ക് അര്‍ഹതയില്ല.
കെന്‍സികയ്ക്ക് സുമനസുകളുടെ സഹായമുണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി എസ്ബിഐയുടെ മണക്കാട് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 40560984509 എന്നതാണ് അക്കൗണ്ട് നമ്പര്‍. ഐഎഫ്എസ്സി കോഡ് SBIN0070024.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..