കെമാൽ പാഷ, വിജയ് ബാബു | Photo: മാതൃഭൂമി, ANI
കൊച്ചി: അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
പോലീസ് ശ്രമിച്ചിരുന്നെങ്കിൽ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലർക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാൽ പാഷ ചോദിച്ചു.
നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ പീഡന പരാതി ഉന്നയിച്ച അതിജീവിതയായ നടി കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട് കോമിനോട് അനുവദിച്ച അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. ഇതിന് പിന്നാലെ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനിൽക്കില്ലെന്നും ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ആരെയാണ് ഭയപ്പെടുന്നത്. റിപ്പോർട്ട് പുറത്തുവിട്ടാൽ വൻ തലകൾ ഉരുളുമോ എന്ന ഭയമാണോ? ആരെയെങ്കിലും സംരക്ഷിക്കണമെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..