തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമിതി യോഗത്തില്‍ അവതരിപ്പിച്ചു.

ദര്‍ശനവും വഴിപാടും വിമര്‍ശനത്തിനിടയാക്കിയെന്ന് കോടിയേരി പറഞ്ഞു. കടകംപള്ളിക്ക് ജാഗ്രതക്കുറവെന്നും സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പാര്‍ട്ടിക്ക് മുമ്പും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു.

കഴിഞ്ഞ അഷ്ടമി രോഹിണിദിനത്തില്‍ കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. മന്ത്രി എന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.