കോട്ടയം: ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങള്‍ അമിത പ്രാധാന്യം കൊടുത്ത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്ന പ്രവണത പ്രതിഷേധാർഹമാണെന്ന് കെ.സിബി.സി. സമീപ കാലങ്ങളില്‍ ആ ശൈലി വര്‍ദ്ധിച്ചുവരുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങള്‍ പോലും അനാവശ്യമായി ചര്‍ച്ചയ്ക്ക് വയ്ക്കുകയും സഭാവിരുദ്ധ - ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ ഉള്ളവരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നതിലൂടെ ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ-കത്തോലിക്കാ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ഇടപെടലുകള്‍ കാരണമായിട്ടുണ്ട്. പാലാ രൂപത കഴിഞ്ഞദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ആശയത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചത് ഇതിന് ഉദാഹരണമാണ്. 

ഉത്തരവാദിത്വത്തോടെ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ തയ്യാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പൊതുവായ നയമാണ്. കേരളത്തിലെ ക്രൈസ്തവര്‍ ജനസംഖ്യ കുറഞ്ഞ് ദുര്‍ബല സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ദോഷം മനസിലാക്കുന്ന അനേകര്‍ ഈ സമൂഹത്തില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ജനസംഖ്യാ വര്‍ദ്ധനവിന്റെ പേര് പറഞ്ഞ് പാലാ മെത്രാന്റെ നിര്‍ദ്ദേശത്തെ ചിലര്‍ അപഹാസ്യമായി അവതരിപ്പിക്കുന്നത്.

ഒരു ജനസംഖ്യാ വിസ്‌ഫോടനത്തെയാണ് കത്തോലിക്കാ സഭ ലക്ഷ്യം വയ്ക്കുന്നതെന്ന വിധത്തിലുള്ള മാധ്യമ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ തകര്‍ച്ച തന്നെയാണെന്ന് വ്യക്തം. കത്തോലിക്കാ സഭയെയും ക്രൈസ്തവ സമൂഹത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങള്‍ കൈവെടിയണം. പത്ര മാധ്യമ നേതൃത്വങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മനസിലാക്കി അവരെ തിരുത്തുവാന്‍ കേരളത്തിലെ പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ മതേതര നേതൃത്വങ്ങളും തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

Content Highlights: KCBC against medias on Discussing internal affairs of Christian community