കെ സി വേണു ഗോപാൽ | Photo: മാതൃഭൂമി ആർക്കൈവ്സ്
ന്യൂഡല്‍ഹി: കരളുറുപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സി.പി.എം. വ്യാമോഹിക്കേണ്ടെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെ.പി.സി.സി. പ്രസിഡന്റിനെ ജീവന് നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സി.പി.എമ്മിന്റെ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്ന ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും ഈ ഗൂഢാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണണെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
കെ.സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഎം, ഇപ്പോള്‍ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കയാണ്. സുധാകരനു നേരെ ഗൂഢാലോചന നടന്നുവെങ്കിലും ഉദ്യമം പിന്നീട് പ്രാവര്‍ത്തികമായില്ലെന്ന് സൂചിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ ഭിക്ഷയാണ് സുധാകരന്റെ ജീവനെന്ന ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം. ഈ ഗൂഡാലോചന സംബന്ധിച്ചും ആരൊക്കെ ഈ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണം. ഈ കൊലയും കൊലവിളിയും ചോരക്കൊതിയുമാണ് എക്കാലത്തും എല്ലാകാലത്തും സിപിഎമ്മിന്റെ മുഖമുദ്ര.
കണ്ണൂരില്‍ സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തോട് എതിരിട്ടു തന്നെയാണ് കെ സുധാകരനും കോണ്‍ഗ്രസ് പ്രസ്ഥാനവും മുന്നോട്ടുപോയത്. ടി പി ചന്ദ്രശേഖരനെയും മറ്റ് രാഷ്ട്രീയ പ്രതിയോഗികളെയും കൊലപ്പെടുത്തിയ വിധത്തില്‍ കെ സുധാകരനെയും ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്യുന്ന സി.പി.എം ശൈലിക്ക് അടിവരയിടുന്നതാണ് വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍.
സിപിഎം നേതാക്കള്‍ കുറ്റാരോപിതരായ എല്ലാ കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളെ പിടികൂടാന്‍ സാധിക്കുകയുള്ളൂ. ടി പി ചന്ദ്രശേഖരന്, അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്, പെരിയ വധഗൂഢാലോചന കേസില്‍ സംസ്ഥാന പൊലീസ് സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതി ഇടപെടല്‍ വഴിയും മറ്റുംകേന്ദ്ര ഏജന്‍സികള്‍ പല കേസും ഏറ്റെടുത്തിരിക്കയാണ്. സംസ്ഥാന പൊലീസ് തെളിവുകള്‍ മൂടിവെച്ച് സി.പി.എം നേതാക്കളെ വെള്ളപൂശാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയാണ് പൊലീസ് പ്രവര്‍ത്തിക്കുക. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം മണി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശേഷം നടത്തിയ ''വണ്‍ ടൂ ത്രീ'' പ്രസംഗവും മറക്കാറായിട്ടില്ല.
കെ സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസിനെ തള്ളിപ്പറയാന്‍ സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണം. കരളുറപ്പുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെയും കൊലക്കത്തി കാട്ടി ഭയപ്പെടുത്താമെന്ന് സി.പി.എം കരുതരുത്. കെ.പി.സി.സി പ്രസിഡന്റിനെ ജീവന് നല്‍കിയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ട്.
Content Highlights: KC Venugopal statement about CPM leader varghese controversial statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..