കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ കേസില്‍ മന്ത്രി കെ.സി.ജോസഫ് കോടതിയില്‍ മാപ്പു പറഞ്ഞു. കോടതിയില്‍ മാപ്പു പറഞ്ഞാല്‍ എല്ലാവരും അറിയില്ലെന്നും പൊതു മാപ്പ് പറയണമെന്നും കോടതി വ്യക്തമാക്കി. ശിവന്‍കുട്ടി എം.എല്‍.എയാണ് മന്ത്രിക്കെതിരെ കോടതിയെ സമീപിച്ചത്. കേസ് 12 ന് വീണ്ടും പരിഗണിക്കും.

പരാമര്‍ശം നടത്തിയത് ഫെയ്‌സ്ബുക്കിലാണെന്നും അതുകൊണ്ട് ഫെയ്‌സ്ബുക്കില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും കെ.സി ജോസഫ് കോടതിയെ അറിയിച്ചു. പൊതുമാപ്പ് എങ്ങനെ വേണമെന്ന് മന്ത്രിക്ക് തീരുമാനിക്കാമെന്നും ഇക്കാര്യം പത്താം തിയതി കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കനായി ഉപമിച്ചതാണ് കെ.സി. ജോസഫിനെ കുടുക്കിയത്. ക്രിമിനല്‍ കോടതി അലക്ഷ്യം കാണിച്ചതായി കണ്ടെത്തിയ കോടതി മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. 

ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശമെന്നാണ് മന്ത്രി കോടതിയെ അറിയിച്ചത്. മന്ത്രി മാപ്പു പറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയെങ്കിലും തെറ്റ് അംഗീകരിച്ചിട്ടില്ലെന്ന് എതിര്‍ കക്ഷി കോടതിയെ അറിയിച്ചു.