തിരുവനന്തപും: കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെ കുറിച്ച് നിയമസഭയില്‍ ഭരണപക്ഷ എം.എല്‍.എമാരില്‍നിന്ന് വിമര്‍ശനം. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നു എന്ന പരാതി ഉന്നയിച്ചത് പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറാണ്. ശ്രദ്ധ ക്ഷണിക്കലിനെ എ.എന്‍. ഷംസീര്‍ എം.എല്‍.എയും പിന്തുണച്ചു. സര്‍വേയര്‍മാരുടെ നിയമനത്തെ ചൊല്ലി റവന്യൂ-പൊതുമമാത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും നിയമസഭയില്‍ ഇന്ന് പരസ്യമായി.

കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു എന്നാണ് ശ്രദ്ധ ക്ഷണിക്കലില്‍ ഗണേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചത്. 2018 മുതല്‍ പത്തനാപുരം മണ്ഡലത്തിലെ അടക്കം നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. വെഞ്ഞാറമ്മൂട് മേല്‍പ്പാലം ഇല്ലാത്തതിനാല്‍ തനിക്കുണ്ടായ ബുദ്ധിമുട്ടും അദ്ദേഹം വികാരഭരിതനായി പങ്കുവെച്ചു. 

2018 ജനുവരി മൂന്നിന് രാവിലെ തനിക്ക് ഒരു ഫോണ്‍ വന്നു, കൊട്ടാരക്കരയില്‍നിന്ന്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഗുരുതരാവസ്ഥയില്‍ കൊട്ടാക്കരയിലെ ആശുപത്രിയിലാണ് ഉടന്‍ വരണമെന്നും പറഞ്ഞു. താന്‍ യാത്ര തിരിച്ച് വെഞ്ഞാറമ്മൂട് എത്തിയപ്പോള്‍ 20 മിനുട്ട് ഗതാഗതക്കുരുക്കില്‍പ്പെട്ടു. താന്‍ കൊട്ടാക്കരയില്‍ എത്തിയപ്പോഴേക്കും അമ്മ മരിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. അമ്മയെ ജീവനോടെ ഒന്ന് കാണാന്‍ പറ്റിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

ഉദ്യോഗസ്ഥന്മാര്‍ സൂപ്പര്‍ എന്‍ജിനീയര്‍മാര്‍ ചമയുന്നതിനാലാണ് ഇത്തരം പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നത് എന്ന ഗണേഷ് കുമാറിന്റെ വിമര്‍ശത്തിന് പിന്തുണയുമായി ഷംസീര്‍ ഉള്‍പ്പെടെ രംഗത്തെത്തിയത്.

ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയത്. സര്‍വേയര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി മുന്നോട്ടു കൊണ്ടുപോവുകയാണെന്നും ശുപാര്‍ശ റവന്യൂ വകുപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. സര്‍വേയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട്  പൊതുമരാമത്ത് വകുപ്പിന്റെ ശുപാര്‍ശ ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്വതന്ത്രമായ രീതിയില്‍ ആര്‍ക്കും സര്‍വേയര്‍മാരെ നിയമിക്കാന്‍ സാധിക്കില്ലെന്നും നിലവിലുള്ള ചട്ടപ്രകാരമേ നിയമനം നടക്കൂവെന്നും റവന്യൂമന്ത്രി പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പില്‍ മിടുക്കന്മാരായ എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും ഉണ്ടായിട്ടും എന്തുകൊണ്ട് കണ്‍സള്‍ട്ടന്‍സി നല്‍കി ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഗണേഷ് കുമാര്‍ ആരാഞ്ഞു.

content highlights: kb ganesh kumar criticises delay in kiifb projects