കെ.ബി. ഗണേഷ്‌കുമാർ, അരിക്കൊമ്പൻ | Photo: Mathrubhumi
തിരുവനന്തപുരം: ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ അരിക്കൊമ്പനെ എത്തിച്ചതിന് പിന്നില്‍ ആനപ്രേമികളാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കാട്ടാനയുടെ തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണ്. അത് കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാം. കടുവയെ പേടിച്ചാണ് അരിക്കൊമ്പന്‍ കമ്പം, തേനി മേഖലയില്‍ ഇറങ്ങിയത്. ആന പ്രേമികളെ ആദ്യം അടിച്ചോടിക്കണം. അവര്‍ ചെയ്യുന്നത് മഹാ അന്യായമാണ്. അരിക്കൊമ്പന്‍ ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കുമെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.
അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് ചികിത്സിക്കണം. ചില ആനകള്‍ ആവാസവ്യവസ്ഥമാറിപ്പോകില്ല. വീണ്ടും കടുവാ സങ്കേതത്തില്‍ കയറ്റിവിട്ടാല്‍ കടുവയുടെ ശബ്ദം കേട്ട് അത് തിരിച്ച് ജനവാസമേഖലയില്‍ ഇറങ്ങും. നിലവിലെ പോക്ക് പോയാല്‍ മിക്കവാറും അരിക്കൊമ്പന്‍ അധികസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കോടതി വിധി വരുമ്പോഴേക്കും കാര്യം കഴിയുമെന്നും ഗണേഷ്‌കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'33 മണിക്കൂര്‍ മുമ്പ് എപ്പോഴോ ആണ് അരിക്കൊമ്പന്‍ വെള്ളം കുടിച്ചത്. ആനക്കും ദൈവം തമ്പുരാനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷന്‍ വന്നാല്‍ ആന ചരിഞ്ഞുപോവും. കോടതി ഉത്തരവ് കാത്തുനിന്നാല്‍ ആന ചരിഞ്ഞുപോവും. വണ്ടിയില്‍ കൊണ്ടുപോവുമ്പോള്‍ വീണ്ടും വീണ്ടും മയക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍വെച്ചടിച്ചതിനേക്കാള്‍ കൂടിയ ഡോസ് അടിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഈ പെരുംവെയിലത്ത് നിന്ന് ആന ഉറങ്ങില്ല', ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.
എലിഫന്റ് ആംബുലന്‍സിന്റെ പിന്നില്‍ നില്‍ക്കാന്‍ കഴിയാത്തതിനാലാണ് അത് ഇരുന്ന് പോകുന്നത്. ഇരുന്നുപോയാല്‍ കിടന്നുപോകും. കിടന്നുപോയാല്‍ എഴുന്നേല്‍ക്കാന്‍ കഴിയില്ല, ചരിഞ്ഞുപോവും. അതുകൊണ്ടാണ് ആനയെ അടിച്ച് എഴുന്നേല്‍പ്പിക്കുന്നത്. ആന വണ്ടിയില്‍ നിന്ന് പെരുംവെയില്‍ 250 കിലോമീറ്ററാണ് യാത്ര ചെയ്തത്. കേസുകൊടുത്ത ദ്രോഹികളാണ് ഇതിനുപുറകിലുള്ള ആളുകള്‍. ഇപ്പോള്‍ ആകാശത്തും ഭൂമിയിലുമല്ലാതെ ത്രിശങ്കു സ്വര്‍ഗത്തില്‍ മിണ്ടാപ്രാണിയെ നിര്‍ത്തിയിരിക്കുകയാണ്. തളര്‍ന്നിരിക്കുന്ന ആന വെള്ളം കുടിക്കില്ല. തുമ്പിക്കൈയെല്ലാം തളര്‍ന്നിരിക്കുകയാണ്. കുപ്പിപ്പാലുപോലെ ആനയ്ക്ക് വെള്ളം കൊടുക്കാന്‍ കഴിയുമോയെന്നും എം.എല്‍.എ. ചോദിച്ചു.
'തുമ്പിക്കൈയില്‍ കാണുന്ന മുറിവ് ചില്ലറമുറിവല്ല. ഇത് കടുവയുമായി ഫൈറ്റ് ചെയ്തുണ്ടായതാണെന്ന് ഞാന്‍ ബെറ്റ് വെക്കാം. ചക്കക്കൊമ്പനുമായി ഫൈറ്റ് ചെയ്ത് ഉണ്ടായതൊന്നുമല്ല. അന്ന് അവിടുന്ന് കൊണ്ടുപോവുമ്പോള്‍ തുമ്പിക്കൈയില്‍ മുറിവൊന്നും ഉണ്ടായിരുന്നില്ല. കടുവയെപ്പേടിച്ചാണ് ആന തിരിച്ച് കടുവാ സങ്കേതത്തിലേക്ക് ആന കയറാത്തത്. അതുകൊണ്ടാണ് കമ്പത്തും തേനിയിലുമായി കറങ്ങി, ഒന്നുമല്ലാതെ, ഇത്രയും ബഹളംവെച്ചിട്ടും തേനിയില്‍നിന്ന് ആന തിരിച്ച് തേക്കടി ഭാഗത്തേക്ക് വരാത്തത്. ലാസ്റ്റ് കണ്ടത് കുമളിയിലാണ്. കുമളിയില്‍വെച്ച് ആന കടുവയുമായി ഫൈറ്റ് ചെയ്തുകാണും. ആ ഒരു ഭയത്തില്‍ ഓടുകയാണ്. അതിന്റെ സൈക്കോളജി മനസിലാക്കണം. മിണ്ടാപ്രാണിയാണ്. അതിനോട് ഇങ്ങനെ ചെയ്താല്‍ കൊള്ളാമോ?', ഗണേഷ്‌കുമാര്‍ ചോദിച്ചു.
മൃഗസ്‌നേഹം എന്ന് പറഞ്ഞ് ഈ വക വേലത്തരം കാണിക്കാമോ? ആനപ്രമേകളിപ്പോള്‍ പരമദ്രോഹികള്‍ അല്ലേ? മുദ്രാവാക്യം വിളിക്കുക, പിരിവെടുക്കുക... ഇവരെയൊക്കെ ആദ്യം അടിച്ചോടിക്കണം. മഹാ അന്യായമാണ് ചെയ്യുന്നത്. ദിവസം അഞ്ചുനേരമെങ്കിലും ഒരാനയ്ക്ക് വെള്ളംകൊടുക്കണം. ആ ആനയാണ് കഴിഞ്ഞ 30-32 മണിക്കൂറായി വെള്ളവും ആഹാരവും കൊടുക്കാതെ കൊടും വേനലില്‍ ഇരിക്കുന്നത്. തുറന്ന് വിടേണ്ടെന്ന് കോടതി പറഞ്ഞാല്‍ വീണ്ടും മയക്കുമരുന്ന് അടിക്കും. അതിന്റെ മസിലുകളാണ് ദുര്‍ബലപ്പെടുന്നത്. ആന ചരിഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആനപ്രേമികള്‍ക്കായിരിക്കും. അതിന്റെ തുമ്പിക്കൈയിലുള്ള മുറിവ് ആഴത്തിലുള്ളതാണ്. മുറിവ് ചികിത്സിക്കണം. കടുവയുടെ ശബ്ദം കേട്ടാല്‍ ഇത് വീണ്ടും തിരിച്ചിറങ്ങുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
'ചില ആനകള്‍ ആവാസവ്യവസ്ഥമാറിപ്പോകില്ല. ഏറ്റവും പ്രായോഗികമായ പരിഷ്‌കാരമായിരുന്നു നേരത്തെ കേരള വനംവകുപ്പ് ആവിഷ്‌കരിച്ചത്. എന്നാല്‍, അതിനെ തകര്‍ത്ത് ഈ ആനപ്രേമികള്‍ എന്ന് പറഞ്ഞുനടക്കുന്ന ആള്‍ക്കാരാണ്. തമിഴ്‌നാട് വനംവകുപ്പും ആനയെപ്പിടിച്ച് കുങ്കിയാക്കുമെന്ന് ഞാന്‍ കരുതിയതാണ്. തുറന്നുവിടുന്ന സ്ഥലത്തും ആന കാട്ടില്‍നിന്ന് പുറത്തു വരും. ഈ ആനയ്ക്ക് മനുഷ്യനുമായി നല്ല ഇണക്കമുണ്ട്. പി.ടി. സെവന്‍ മനുഷ്യനെ കണ്ടുശീലിച്ച ആനയാണ്. അത് മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങി. മൂന്ന് ദിവസം കൊണ്ട് എല്ലാനിര്‍ദേശവും അനുസരിക്കുന്നുണ്ട്. കുങ്കിയാനയാക്കുന്നതില്‍ ഒരു ദ്രോഹവുമില്ല, നാലുനേരവും ആഹാരം കിട്ടും ഭക്ഷണം കിട്ടും. പരിചരണം ലഭിക്കും, കുളിപ്പിക്കും', ഗണേഷ്‌കുമാര്‍ അവകാശപ്പെട്ടു.
Content Highlights: kb ganesh kumar against elephant lovers on tamil nadu mission arikkomban arissikkomban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..