പമ്പ: തിരിച്ചിറങ്ങിയത് കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നെന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍.

ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയും മലയാളി രഹ്ന ഫാത്തിമയുമാണ് വെള്ളിയാഴ്ച രാവിലെ ശബരിമല കയറാനെത്തിയത്. എന്നാല്‍ നടപ്പന്തലിലെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും തിരികെയിറങ്ങുകയായിരുന്നു. 

വേണമെങ്കില്‍ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാമായിരുന്നു. ഞാന്‍ എന്റെ അവകാശത്തിനു വേണ്ടി പോരാടാനാണ് എത്തിയത്. എന്നാല്‍ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധമായിരുന്നു മുകളിലുണ്ടായത്. കുട്ടികളെ അപകടത്തിലാക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് തിരിച്ചിറങ്ങിയതെന്നും കവിത പറഞ്ഞു. 

അയ്യപ്പനെ കാണണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇരുമുടിക്കെട്ട് തലയിലേന്തിയെത്തിയതെന്ന് രഹ്ന ഫാത്തിമ പറഞ്ഞു. എന്നാല്‍ അതിന് അവര്‍ തന്നെ അനുവദിച്ചില്ല. അതിനാല്‍ ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിച്ചു പോവുകയാണെന്നും രഹ്ന പറഞ്ഞു. മല തിരിച്ചിറങ്ങിയ ശേഷം പമ്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

തടഞ്ഞതിന് അവര്‍ എന്തു ന്യായീകരണമാണ് പറയാന്‍ പോകുന്നതെന്നും അറിയണമെന്നും രഹ്ന പറഞ്ഞു. ജീവന് ഭീഷണിയുണ്ട്. വീടിനു നേര്‍ക്ക് ആക്രമണമുണ്ടായെന്നും തന്റെ കുട്ടികള്‍ എവിടെയാണെന്ന് അറിയില്ലെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു. സുരക്ഷ തരാം എന്ന പോലീസിന്റെ ഉറപ്പിന്മേലാണ് താന്‍  മലയിറങ്ങിയതെന്നും അവര്‍ പറഞ്ഞു. 

മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് മടങ്ങിയത്.  ഇത്രയെങ്കിലും പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു. 

content highlights: Kavitha jakkala and rehna fathima responds after returning from sabarimala