മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ ഫലംകണ്ടില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.

ജലസാന്നിധ്യം മൂലം റഡാര്‍ കിരണങ്ങള്‍ക്ക് മണ്ണിനടയിലേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതാണ് തടസ്സമുണ്ടാക്കുന്നതെന്നും ഹൈദരാബാദില്‍നിന്നുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് കെ. പാണ്ഡെ പറഞ്ഞു. പ്രദേശത്ത് മികച്ച രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിശക്തമായ കാറ്റും മഴയുമാണ് കവളപ്പാറയില്‍ അനുഭവപ്പെടുന്നത്. രാവിലെ മുതല്‍ നല്ല കാലാവസ്ഥയായിരുന്നതിനാല്‍ ഊര്‍ജിതമായ തിരച്ചില്‍ നടന്നവരുന്നതിനിടെയാണ് കാറ്റും മഴയും ആരംഭിച്ചത്. തിരച്ചില്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇന്ന് കവളപ്പാറയില്‍നിന്ന് കണ്ടെത്തിയത് ആറ് മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 46 ആയി. ഇനി ഇവിടെ 13 പേരെക്കൂടി കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് പ്രളയക്കെടുതിയിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം 128 ആയി.

Content Highlights: kavalappara  landslide 6 dead bodies found, Kerala Flood 2019, Heavy rain 2019