തിരുവനന്തപുരം: കവടിയാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ച് മരിക്കാന്‍ ഇടയായ സംഭവത്തിന് പിന്നില്‍ ബൈക്കുകളുടെ മത്സരയോട്ടം. ഇത് വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു. അപകടമുണ്ടാക്കിയ ബൈക്കുകള്‍ അമിതവേഗത്തില്‍ മത്സരിക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ ഹോട്ടലിന്റെ സി.സി.ടി.വി.യില്‍നിന്നു ലഭിച്ചത്.

വ്യാഴാഴ്ച കവടിയാര്‍ ടോള്‍ ജങ്ഷനില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. നെടുങ്കാട് സ്വദേശി ജ്യോതിലക്ഷ്മിയാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തുളസി, ശാലിനി എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ തുളസിയുടെ നില ഗുരുതരമായി തുടരുകയാണ്. 

തിരക്കേറിയ റോഡിലൂടെ അടുത്തടുത്ത് അമിതവേഗത്തില്‍ പായുന്ന ബൈക്കുകളുടെ ദൃശ്യങ്ങളാണ് സി.സി.ടി.വി.യില്‍ പതിഞ്ഞിരിക്കുന്നത്. അപകടം നടന്ന സ്ഥലത്തെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഇടി കൊണ്ടു വീഴുന്ന യാത്രക്കാരികളേയും ഓടിക്കൂടുന്നവരേയും കാണാം. അമിതവേഗത്തിലാണ് ബൈക്ക് ഇടിച്ചു വീഴുന്നതെന്നും ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. സംഭവത്തില്‍ മത്സരയോട്ടം നടന്നിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. 

40 കിലോ മീറ്ററാണ് ഈ പരിസരത്തെ വേഗപരിധി. എന്നാല്‍ ബൈക്കുകള്‍ അതിനേക്കാള്‍ ഇരട്ടിയിലധികം വേഗത്തിലാണ് പോകുന്നത് എന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ബാങ്കിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുകയായിരുന്ന ജ്യോതിലക്ഷ്മിയെയും തുളസിയെയും ശാലിനിയെയും ആദ്യത്തെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ബൈക്ക് ഓടിച്ചയാള്‍ ഇതിനിടെ രക്ഷപെട്ടു. 

ബൈക്കുകളുടെ അമിത വേഗവും റോഡ് മുറിച്ച് കടന്നവരുടെ അശ്രദ്ധയും അപകടത്തിന് കാരണമായി എന്നായിരുന്നു പോലീസ് ഭാഷ്യം. സംഭവത്തില്‍ മത്സരയോട്ടത്തിന് സ്ഥിരീകരണമില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഈ വാദത്തിന് എതിരാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍. പരിക്കുകള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് സംഭവത്തില്‍ പ്രതികളായ ആനന്ദും സംവര്‍ ഖാനും. അതുകൊണ്ടുതന്നെ ഇതുവരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

content highlights: Kavadiyar accident Bikes were in overspeed