ആലപ്പുഴ: കായംകുളത്തിനടുത്ത് കട്ടച്ചിറ സെന്റ്‌മേരീസ് പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം. ഓര്‍ത്തഡോക്‌സ്-പാത്രിയാര്‍ക്കീസ് വിശ്വാസികള്‍ തമ്മിലാണ് തര്‍ക്കം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലങ്ങളായി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്കനുകലായി സുപ്രീംകോടതിയില്‍ നിന്ന് വിധി വന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഇന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തി ആരാധന നടത്താനുള്ള ശ്രമത്തിനിടെയാണ് തര്‍ക്കമുണ്ടായത്. പുലര്‍ച്ച ഓര്‍ത്തഡോക്‌സ് വിഭാഗം എത്തുമെന്നറിഞ്ഞ് പാത്രിയാര്‍ക്കീസ് വിശ്വാസികള്‍ പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അനുകൂല വിധി ലഭിച്ചതെന്നാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ അവകാശപ്പെടുന്നത്.

തര്‍ക്കം കൈയാങ്കളിയിലേക്ക് എത്തുമെന്ന് കണ്ടതോടെ പോലീസ് ഇടപ്പെട്ടു. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാകളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവിടുകയായിരുന്നു. 14 ദിവസത്തേക്കാണ് നിരോധനാജ്ഞ.