സി.കെ സുബൈർ | File Photo - Mathrubhumi
കോഴിക്കോട്: കഠുവ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കാന്‍ തയ്യാറാണെന്ന് യൂത്ത് ലീഗ്. കേസ് ആദ്യം കൈകാര്യം ചെയ്തിരുന്ന ദീപിക സിങ് രജാവത്ത് രണ്ട് തവണ മാത്രമാണ് ഹാജരായതെന്നും കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് അവര്‍ പിന്‍മാറി മുബീന്‍ ഫറൂഖി എത്തിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദീപിക സിങ് രജാവത്തിന് പണം കൊടുത്തൂവെന്ന് ആരോടും പറഞ്ഞിട്ടില്ല. ദീപികയ്ക്ക് മൂബീന്‍ ഫറൂഖിയെ അറിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. കേസില്‍ മുബീന്‍ ഫറൂക്കിക്കൊപ്പം ഹാജരാവാന്‍ ദീപിക വീണ്ടും ആവശ്യപ്പെടുന്നതിന്റെ വോയ്സ് റെക്കോര്‍ഡ് അടക്കം പുറത്ത് വിട്ടാണ് ഞായറാഴ്ച യൂത്ത് ലീഗ് വാര്‍ത്താസമ്മേളനം നടത്തിയത്.
യൂത്ത് ലീഗ് ദേശീയ ട്രഷറര്‍ ഉള്‍പ്പെടുന്നവരുടെ ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് വന്നത്. അദ്ദേഹം നിലവില്‍ അസുഖവുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തു വിടുമെന്നും സി.കെ സുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദീപികയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് രാവിലെ അങ്ങനെയൊരു സ്റ്റേറ്റ്മെന്റ് വരാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളില്‍ നിന്ന് പിന്മാറണമെന്നും അത് കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും സി.കെ സുബൈര്‍ ചൂണ്ടിക്കാട്ടി.
കേസ് ഏറെ നിര്‍ണായക ഘട്ടത്തിലാണ് ഇപ്പോഴുളളത്. പ്രതികള്‍ അപ്പീലുമായി മുന്നോട്ട് വരാന്‍ പോവുകയാണ്. ഈയൊരു സാഹചര്യത്തില്‍ കെ.ടി ജലീലിനെ പോലുള്ളവര്‍ അനാവശ്യ വിവാദവുമായി വരുന്നത് തിരിച്ചടിയാവും. ഇത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നത് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഒരു കോടി രൂപ പിരിച്ചെടുത്തുവെന്നാണ് പറഞ്ഞത്. അതിന് മറുപടി നല്‍കിയതോടെ അതില്‍നിന്ന് പിന്‍മാറി. പിന്നെ മുബീന്‍ ഫറൂഖിയെന്ന വക്കീലേ ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതോടെ ആ ആരോപണത്തില്‍ നിന്നും പിന്‍മാറി. തുടര്‍ന്നാണ് മുബീന്‍ ഫറൂഖിയെ അറിയില്ലെന്ന ദീപികയുടെ മറുപടി പൊക്കിപ്പിടിച്ചുകൊണ്ട് വരുന്നത്. അതിനും മറുപടി നല്‍കിക്കഴിഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യം ഉറ്റുനോക്കിയ ഒരു കേസിനെതിരെ അനാവശ്യ വിവാദവുമായി വരുന്നതില്‍ നിന്നും കെ.ടി ജലീല്‍ പിന്മാറണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Content Highlights: Kathua case Youth League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..