കാസര്‍ക്കോട്: അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പീതാംബരന്റെ മൊഴി. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയെന്നും പീതാംബരന്‍ പോലീസന് നല്‍കിയ മൊഴിയില്‍ പറയുന്നു. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. 

തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപനത്തിന് കാരണമായി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അപമാനം സഹിക്കാന്‍ കഴിയാത്തതുമൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു.

കൃപേഷും ശരത് ലാലും പെരിയയില്‍വെച്ച് പീതാംബരനെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. കൈ ഒടിഞ്ഞ നിലയിലാണ് അന്ന് പീതാംബരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരത് ലാല്‍ റിമാന്‍ഡില്‍ ആയിരുന്നു. ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്. എന്നാല്‍ കേസില്‍ കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസ് എടുക്കണമെന്നായിരുന്നു പീതാംബരന്റെയും ആവശ്യം. എന്നാല്‍ ഇതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. 

പോലീസിന്റെ അന്വേഷണത്തില്‍ കൃപേഷ് പീതാംബരനെ ആക്രമിച്ചിട്ടില്ലെന്നും സംഭവസമയത്ത് സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൃപേഷിനെ പ്രതി ചേര്‍ത്തിരുന്നില്ല. പക്ഷെ പീതാംബരന്‍ ഈ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചു. അന്വേഷണം വേണ്ട രീതിയില്‍ നടക്കുന്നില്ല എന്നതായിരുന്നു പീതാംബരന്റെ ആരോപണം. ഇക്കാര്യം പരാതിയായി പാര്‍ട്ടിയില്‍ ഉന്നയിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് അനുകൂലമായ നിലപാടുണ്ടായിട്ടില്ല. 

ഇതില്‍ നിരാശ പൂണ്ട പീതാംബരന്‍ തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. ഇങ്ങനെയാണ് കൊലപാതകമെന്ന ആസൂത്രണത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. സഹായികളായ സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. ഇവരുടെ സഹായത്തോടെ കൊല നടത്തിയെന്നാണ് പീതാംബരന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 

പീതാംബരന്‍ കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് വിവരം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കുള്ള കൊലപാതകമെന്നാണ് പീതാംബരന്റെ മൊഴി. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് പീതാംബരനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 

Content Highlights: Kasargode Double Murder; murder attempt planned by Peethambaran