കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ സി.പി.എം നേതാവ് പീതാംബരന് കൊലയില്‍ നേരിട്ട് പങ്ക്. കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്ന് മൊഴി. കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ആറുപേര്‍ പീതാംബരന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു പീതാംബരന്‍. ഇയാളെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. 

ഇരുമ്പുദണ്ഡുകളും വടിവാളുമുപയോഗിച്ചായിരുന്നു പ്രതികള്‍ ആക്രമണം നടത്തിയത്. തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മൃഗീയമായ ആക്രമണം നടത്തിയത് പീതാംബരന്‍ ആണെന്നാണ് വിവരം. കൃത്യം നിര്‍വഹിച്ചത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ആസൂത്രണം മാത്രമല്ല കൊലപാതകവും പീതാംബരന്‍ നേരിട്ടാണ് നടത്തിയതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

വടിവാളും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു കൃപേഷിനെയും ശരത്തിനെയും ആക്രമിച്ചത്. ഇതില്‍ കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്നും പീതാംബരന്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിനോട് പറഞ്ഞുവെന്നാണ് വിവരം. 

ഇയാളുടെ സുഹൃത്തുക്കള്‍ കൂടിയായ ആറുപേര്‍ കൂടി കൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ പ്രദേശവാസികള്‍ കൂടിയാണ്. ഇവര്‍ മാത്രമല്ല വേറെയും പ്രതികള്‍ ഉണ്ടായേക്കാമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികള്‍ ഉപയോഗിച്ച വടിവാളിന്റെ പിടി അന്വേഷണ സംഘം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇനി ഫോറന്‍സിക് തെളിവുകളും പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും വെച്ച് അന്വേഷണം കരുതലോടെ മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം. അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്കാണ് അന്വഷണ സംഘം കടക്കുന്നത്. 

Content Highlights: Kasargode Double Murder case main culprit is Peethambaran