പെരിയ: സിപിഎം വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്‌ ഉണ്ടായതെന്ന് കരുണാകരന്‍ എംപി. യൂത്ത് കോൺഗ്രസ്സുകാരുടെ കൊലപാതകത്തെ തുടർന്ന് ആക്രമിക്കപ്പെട്ട വീടുകളും പാർട്ടി ഓഫീസുകളും സന്ദർശിച്ച് മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായും അഗ്നിക്കിരയാക്കി. അതിന് സമീപമുള്ള സോഡാ ഫാക്ടറി തകര്‍ത്തു. പാര്‍ട്ടി ഓഫീസ് കത്തിയെരിയുന്നത് തടയാന്‍ അടുത്ത വീട്ടിലെ സ്ത്രീകള്‍ ശ്രമിച്ചിരുന്നു. അവരുടെയും വീടുകള്‍ ആക്രമിച്ചു. പെരിയബസാറിലുള്ള  വീടുകള്‍ ആക്രമിക്കപ്പെട്ടു. കല്ല്യോട്ട് സന്ദര്‍ശിക്കാന്‍ വൈകിയാണ് വന്നത്. രണ്ട് പേര്‍ കൊലചെയ്യപ്പെട്ട സ്ഥലത്ത് പോകുമ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചത് പോലീസ് നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. പോലീസ് നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം വൈകിയത്,"പി കരുണാകരന്‍ എംപി പറഞ്ഞു.

പാര്‍ട്ടി അനുഭാവികളുടെ വീടുകള്‍, പെട്ടിക്കടകള്‍ ഇവയെല്ലാം ഭീകരമായി അക്രമിക്കപ്പെട്ടെന്നും എംപി പറഞ്ഞു. 

"ശാസ്താ ഗംഗാധരന്റെ വീട്ടില്‍ നിന്ന് 16പവന്‍ മോഷ്ടിക്കപ്പെട്ടു. ഓമനക്കുട്ടന്റെ വീടിന് അഞ്ച് ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കേസിലെ പ്രതിയായ പീതാംബരന്റെ വീട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. അമ്മയെയും മകളെയും മര്‍ദ്ദിച്ചു. കല്ല്യോട്ട് എകെജി മന്ദിരം തകര്‍ക്കപ്പെട്ടു. കല്ല്യോട്ട് കോൺഗ്രസ്സുകാർ കൂടുതലുള്ള പ്രദേശമാണ്. ഇവിടെ പാര്‍ട്ടി ഓഫീസുണ്ടാക്കാനുള്ള ശ്രമത്തെ കോണ്‍ഗ്രസ്സ് ചെറുത്തിരുന്നു. പാര്‍ട്ടി ഓഫീസിന്റെ തറക്കല്ല് വരെ പണ്ട് കോണ്‍ഗ്രസ്സ് എടുത്തുമാറ്റിയിരുന്നു. ആ പാർട്ടി ഓഫീസാണ് തകര്‍ത്തത്. വായനശാല തകര്‍ത്തു. വായനശാലകളാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ ഏറ്റവും അധികം തകർക്കപ്പെട്ടത്. എച്ചിലടക്കത്ത് നായനാരുടെ പേരിലുള്ള വെയിറ്റിങ് ഷെഡ്ഡ് തീയിട്ടു. വായനശാലയും തകര്‍ത്തു", കരുണാകരന്‍ എംപി കൂട്ടിച്ചേര്‍ത്തു

content highlights: Karunakaran MP visits Kalyottu, party houses and offices vandalised