കാസര്‍ഗോഡ്:  പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ. സുധാകരന്‍. അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്നും പോലീസ് പലരേയും ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ വിമര്‍ശിച്ചു. കൊലപാതകം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ ശാസ്താ ഗംഗാധരന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുന്‍കൂട്ടി വീടുപൂട്ടി സ്ഥലംവിട്ട ആളോട് പ്രാഥമികമായി ഒരു ചോദ്യം പോലും ചോദിക്കാന്‍ പോലീസിന് സാധിച്ചില്ലെങ്കില്‍ ഈ പണിനിര്‍ത്തി പോലീസ് പോകണമെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. 

നഷ്ടപ്പെട്ടത് ഞങ്ങളുടെ രണ്ട് ചെറുപ്പക്കാരാണ്. ഇങ്ങനെ നിസംഗമായി അന്വേഷിക്കാന്‍ പോലീസിനെ ഞങ്ങള്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. നിരവധി ആളുകളെ ചോദ്യം ചെയ്യാനുണ്ടായിട്ടും ഇവരോടൊന്നും പോലീസ് ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. ഇതിലൊക്കെ ഗൂഢാലോചനയുണ്ട്. പലരുടെയും വാക്കുകളും പ്രസ്താവനകളും ഉണ്ടായി. ആ പ്രസ്താവനകള്‍ നടത്തിയ ആരെയെങ്കിലും പിടിച്ചോയെന്നും അദ്ദേഹം ചോദിച്ചു. 

ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആരെയെങ്കിലും ചോദ്യം ചെയ്‌തോ, മുസ്തഫയെ ചോദ്യം ചെയ്‌തോ, കൈവെട്ടണമെന്ന് പറഞ്ഞ കുഞ്ഞിരാമനെ ചോദ്യം ചെയ്‌തോ. ഇവരെ ആരെയും അഞ്ചുമിനിട്ടുപോലും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല എന്നു പറയുമ്പോള്‍ അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നത് എന്നതാണ് സത്യം. പ്രതികളെ അവിടെനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉണ്ട്. പോലീസുകാര്‍ക്ക് അത് അറിയാം. പക്ഷെ അവരെ ഇതുവരെ പോലീസ് വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചയ്തിട്ടില്ല- സുധാകരന്‍ ചൂണ്ടിക്കാട്ടി. 

പ്രതികള്‍ ആദ്യം കയറി ഒളിച്ച  സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ നേതാക്കളെ പോലീസ് ചോദ്യം ചെയ്‌തോ, മുന്നുദിവസം മുമ്പ് സംഭവം നടക്കുന്ന സ്ഥലത്തെ മൂന്നുവീട്ടുകാര്‍ നേരത്തെ പറഞ്ഞ് ഗുരുവായൂര്‍ അമ്പലത്തില്‍ പോയിരിക്കുന്നു. അവരെ പോലീസ് ചോദ്യം ചെയ്‌തോ. ഗംഗാധരന്‍ തൊഴിലാളികളോട് രണ്ടുദിവസം വരേണ്ടെന്ന് പറഞ്ഞു. ഇവര്‍ക്കെല്ലാം നേരത്തെ വിവരം ലഭിച്ചതുകൊണ്ടാണ് ഇതൊക്കെ നടന്നത്. വത്സരാജന്റെ കടയില്‍ ലോഡ് എടുക്കുന്നവരോട് പറഞ്ഞത് രണ്ടുദിവസത്തേക്ക് ഇനി ലോഡ് എടുക്കേണ്ടി വരില്ല എന്നാണ്. സാധനങ്ങള്‍ കടയില്‍ നിന്ന് മാറ്റിയിരിക്കുന്നു. എന്തിനാണ് സാധനങ്ങള്‍ മാറ്റിയത്. അയാളെ ചോദ്യം ചെയ്യേണ്ടെ പോലീസ്, ഇതുവരെ വിളിച്ചോ, ചോദ്യം ചെയ്‌തോ- കെ. സുധാകരന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. 

Content Highlights: Kasargode Double Murder, K Sudhakaran Critics police investigation Style