കാസര്‍കോട്:  കല്ല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. വിഷയത്തില്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് കാസര്‍ഗോഡ് ഡി.സിസി. 

കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് മറുപടി ഇതുവരെ ഡിസിസി പ്രസിഡന്റ് സിപിഎമ്മിന് നല്‍കിയിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു നീക്കം അനുവദിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് ഹക്കീം കുന്നില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. 

പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകം, പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലേക്ക് പോയേക്കില്ല എന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെത്തുടര്‍ന്ന് അന്തരീഷം കലുഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ജില്ലയിലെത്തും. രാവിലെ 10-ന് കാസര്‍കോട്ട് സി.പി.എമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. കൊല്ലപ്പട്ടവരുടെ വീടുസന്ദര്‍ശനം പരിപാടിയിലില്ല. നിലവിലെ അന്തരീഷത്തില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ അറിയിച്ചു.

കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തുന്നുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. ഓഫീസിലേക്കാണ് മാര്‍ച്ച്.

Content Highlights: Kasargode Double Murder, CM may Visit youth Congres activists house