കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് വിശദീകരിച്ചാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം നല്‍കിയത്. 

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. കൊലപാതകം നടന്ന് 90 ദിവസം പിന്നിട്ടവേളയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 

സി.പി.എം. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍, വിദേശത്തേക്ക് കടന്ന സുബീഷ് എന്നിവരെ കഴിഞ്ഞദിവസങ്ങളിലാണ് പിടികൂടിയത്. ഇതില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തേക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍വച്ചാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. 

Content Highlights: kasargod periya double murder; crime branch submitted charge sheet