കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സജി ജോര്‍ജിനെ ആറുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജി ജോര്‍ജിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പോലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സജി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടത്. 

അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് സജി ജോര്‍ജാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് സജി ജോര്‍ജിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയായതിനാല്‍ ശാസ്ത്രീയ പരിശോധനകളും വിശദമായ തെളിവെടുപ്പുകളും ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കിയ സജി ജോര്‍ജിനെ കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയത്. 

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്‍ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പീതാംബരനും നിലവില്‍ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം വ്യാഴാഴ്ച വൈകിട്ടോടെ കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

Content Highlights: kasargod periya double murder case; accused saji george sent to police custody