കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്ന് ഭാര്യ മഞ്ജു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ പങ്കാളിയാകാനാവില്ലെന്ന് പീതാംബരന്റെ അമ്മ കൂട്ടിച്ചേര്‍ത്തു. കുറച്ചുദിവസം മുമ്പ് നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്റെ കൈ ഒടിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പീതാംബരന്റെ അമ്മയുടെ പ്രതികരണം.

കഴിഞ്ഞദിവസം പീതാംബരന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. വീടിനു നേരെ ആക്രമണമുണ്ടായപ്പോള്‍ പോലും സഹായിക്കാന്‍ ആരും വന്നില്ലെന്നും പീതാംബരന്റെ ഭാര്യ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായ പീതാംബരന്റെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. പീതാംബരനൊപ്പം മറ്റ് ആറുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതംബരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുമ്പുദണ്ഡുകളും വടിവാളും ഉപയോഗിച്ചാണ് അക്രമികള്‍ കൃപേഷിനെയും ശരത്ത്ലാലിനെയും ആക്രമിച്ചത്. തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തെത്തിയ നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി. 

content highlights: Kasargod double murder peethambaran's family responds