തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയെതുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. 

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടും പോലീസിന്റെ വീഴ്ചയുണ്ടെന്ന് ആരോപിച്ചും രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാസര്‍കോട് മേഖലയിലെ ക്രമസമാധാന പാലനത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നോര്‍ത്ത് എ.ഡി.ജി.പി.യെ നിയമിക്കാതിരുന്നത് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ പി. സദാശിവം സംഭവത്തില്‍ മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് തേടിയത്.

കഴിഞ്ഞ എട്ടുമാസമായി നോര്‍ത്ത് എ.ഡി.ജി.പിയെ നിയമിക്കാതിരുന്നത് ആഭ്യന്തരവകുപ്പിന്റെ വലിയവീഴ്ചയായാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത്. കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ സിപിഎം പ്രാദേശിക നേതാവിനെ ഉള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണെന്നാണ് വിവരം. 

Content Highlights: kasargod double murder: governor p sadasivam seeks report from chief minister