തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പാര്‍ട്ടി ചെയ്യുമെന്നും  പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

ഷുഹൈബ് വധത്തില്‍ പങ്കുള്ളവരുടെ കരങ്ങള്‍ പെരിയ ഇരട്ടക്കൊലയ്ക്ക് പിന്നിലുമുണ്ട്. പെരിയ ഇരട്ടക്കൊലപാതകം സി.പി.എം. ജില്ലാ നേതൃത്വങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ക്വട്ടേഷനാണ്. കണ്ണൂര്‍ ജില്ലാ നേതൃത്വം സമീപജില്ലകളിലും ഇത്തരത്തിലുള്ള ക്വട്ടേഷനുകള്‍ ഏറ്റെടുക്കാറുണ്ട്. ടി.പി. വധം ഇതിനുതെളിവാണ്. പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. 

കൊലവിളി പ്രസംഗം നടത്തിയ വി.പി.പി. മുസ്തഫയ്‌ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തില്ലെന്നും  സി.പി.എം. എം.പിയും എം.എല്‍.എയും കൊലക്കേസ് പ്രതിയുടെ വീട് സന്ദര്‍ശിച്ചത് കേസ് അട്ടിമറിക്കാനെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ കോണ്‍ഗ്രസ് വ്യാപകമായി പ്രചരണം നടത്തുമെന്നും കെ. മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. 

 

Content Highlights: kasargod double murder; congress will approach the court for cbi inquiry