കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോ വാഹനത്തിലാണ് അക്രമിസംഘം കൊലപാതകത്തിന് എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ വാഹനം കാസര്‍കോട് പാക്കത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ നിലയില്‍ കണ്ടെത്തി. അക്രമിസംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത് മൂന്നംഗസംഘം തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കാസര്‍കോടിന് പുറത്തുനിന്നെത്തിയ സംഘം ഇവിടെനിന്നുള്ള വാഹനം ഉപയോഗിച്ചത് പ്രതികള്‍ക്ക് പ്രാദേശികസഹായം ലഭിച്ചുവെന്നതിനും തെളിവാണ്. 

അതിനിടെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരില്‍ ചിലരുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയേക്കും. നേരത്തെ സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിര്‍വഹിക്കാന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ചതും പീതാംബരനാണെന്നാണ് വിവരം. 

Content Highlights: kasargod double murder case; police identified the vehicle which is used by murderers