കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പീതാംബരന്‍ മുഖ്യ ആസൂത്രകനാണെന്നാണ് വിവരം. ഇക്കാര്യം ചോദ്യംചെയ്യലില്‍ പീതാംബരന്‍ സമ്മതിച്ചതായും സൂചനയുണ്ട്. അതേസമയം, കൊലപാതകത്തിന് പ്രേരണനല്‍കിയത് പീതാംബരനാണെന്ന് എസ്.പി. മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും പ്രതികളായിരുന്നു. ഈ കേസില്‍ ശരത് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയിലാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഫെബ്രുവരി ഏഴാം തീയതിയാണ് ഇവര്‍ ജാമ്യംനേടി പുറത്തിറങ്ങിയത്. എന്നാല്‍ കൃപേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഈ വധശ്രമത്തിന്റെ പ്രതികാരമെന്നോണമാണ് സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ച് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.

 

Content Highlights: kasargod double murder case, police arrested cpm local committee member peethambaran