കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ മുന്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ഇരട്ടക്കൊലക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പീതാംബരനെ ബുധനാഴ്ചയാണ് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. 

കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിനും ചോദ്യംചെയ്യുന്നതിനും പീതാംബരനെ കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് പ്രതിയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവിട്ടത്. പെരിയ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും രാഷ്ട്രീയവിരോധമാണ് കൊലപാതകങ്ങളില്‍ കലാശിച്ചതെന്നും കോടതി നിരീക്ഷിച്ചു. 

ചൊവ്വാഴ്ച അറസ്റ്റിലായ പീതാംബരനെ ബുധനാഴ്ച രാവിലെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. ഇതിനുശേഷമാണ് പീതാംബരനെ പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്. 

Content Highlights: kasargod double murder; accused peethambaran sent to police custody 

1