അഞ്ജുശ്രീ| Photo: Mathrubhumi news screengrab
തിരുവനന്തപുരം: കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയസ്തംഭനമാണ് എന്നാണ് നിഗമനം. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും കരളിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന സംശയവും ആരോപണവും ഉയര്‍ന്നിരുന്നു. അഞ്ജുശ്രീയുടെ പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനവും ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പ്രാഥമിക പരിശോധയുടെ റിപ്പോര്‍ട്ടുമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലും ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. എന്നാല്‍, അഞ്ജുശ്രീയുടെ മരണം സംഭവിച്ചത് ആന്തരികാവയവങ്ങള്‍ക്കേറ്റ അണുബാധയെ തുടര്‍ന്നുള്ള ഹൃദയസ്തംഭനം മൂലമാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക നിഗമനം. എന്തുകാരണത്താലാണ് അണുബാധയുണ്ടാവുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്തത് എന്ന് വ്യക്തമാകണമെങ്കില്‍ കെമിക്കല്‍ എക്സാമിനേഷന് ഉള്‍പ്പെടെയുള്ളവ നടത്തിയ ശേഷം വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാവിഭാഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ട്. ആ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുന്നില്ല. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹോട്ടലില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. അഞ്ജുശ്രീ കുഴിമന്തി വാങ്ങിയ ദിവസം വേറെ 120 പേര് അതേ ഹോട്ടലില്‍നിന്ന് കുഴിമന്തി വാങ്ങിക്കഴിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ആര്‍ക്കും ഭക്ഷ്യവിഷബാധയുടെ ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലില്‍ ഏതെങ്കിലും വിധത്തിലുള്ള വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുഴിമന്തി വാങ്ങിക്കഴിച്ച് നാലോ അഞ്ചോ ദിവസങ്ങള്‍ക്കു ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അതിനാല്‍ത്തന്നെ ആ ദിവസമുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാമ്പിള്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന പൂര്‍ണമായ നിഗമനത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ഭക്ഷ്യവിഷബാധയാണെന്നതിനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. മരണത്തിന് എന്താണ് കാരണമെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്തരാവയവങ്ങള്‍ക്ക് അണുബാധയുണ്ടായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനം എന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇങ്ങനെ മരണം സംഭവിക്കാന്‍ പല കാരണങ്ങളുണ്ട്. വൃത്തിഹീനമായ ഭക്ഷണം കഴിക്കുന്നത് അതിലൊന്നാണ്. അതല്ലെങ്കില്‍ എന്തെങ്കിലും വിഷപദാര്‍ഥം ഉള്ളില്‍ച്ചെല്ലുക, പനി മൂര്‍ച്ഛിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും അണുബാധയുണ്ടായേക്കാം. ഇതില്‍ എന്താണ് അഞ്ജുശ്രീയെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയണമെങ്കില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണം.
Content Highlights: kasargod college student anjusree death food poisoning allegation postmortem
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..