കോഴിക്കോട്: മുസ്ലിം ലീഗ് കഠാര രാഷ്ട്രിയം ഉപേക്ഷിക്കണമെന്നും നേതൃത്വം അണികളെ നിലക്ക് നിര്‍ത്തണമെന്നും കാന്തുപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് യോഗം. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയും ഡിവൈഎഫ്‌ഐ-എസ്.വൈ.എസ് പ്രവര്‍ത്തകനുമായ ഔഫ് അബ്ദുറഹിമാന്റെ കൊലപാതകത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
 
തങ്ങള്‍ക്കെതിരെ വോട്ട് ചെയ്യുന്നവരെയും വിധേയപ്പെടാത്തവരെയും ശാരീരീകമായി ഇല്ലാതാക്കുന്ന കഠാര രാഷ്ട്രിയം മുസ്ലിം ലീഗ് ഉപേക്ഷിക്കണമെന്നും അണികളെ നിലക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
 
"സമകാലിക രാഷ്ട്രീയ തോല്‍വികള്‍ക്ക് മറയിടാനാണ് മുസ്ലിംലീഗ് ഇത്തരത്തില്‍ അരുംകൊലകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. നിരപരാധികളുടെ ചോര വീഴ്ത്തി നേടുന്ന താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നേതൃത്വത്തെ ഓര്‍മിപ്പിക്കുകയാണ്.
 
ജനാധിപത്യ മാര്‍ഗത്തിലൂടെയും നിയമപരമായും ഈ ധിക്കാരത്തെ സുന്നി പ്രസ്ഥാനം നേരിടും. അബ്ദുല്‍റഹ്മാന്‍ ഔഫിന്റെ കൊലപാതകത്തിനുത്തരവാദികളായവരെയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നവരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണം" തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടു വെച്ചു.
 
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
 
Content Highlights: kasaragod dyfi-sys worker murder-kerala muslim jamaath