കാസര്‍കോട്: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന്റെ പൊതുപരിപാടിക്കിടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കേന്ദ്രസര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

ഡല്‍ഹി എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.

ബിരുദദാന ചടങ്ങിനെത്തിയ ആറോളം പ്രവര്‍ത്തകരാണ് പ്രതിഷേധം ഉയര്‍ത്തിയത്. വിദ്യാര്‍ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ച ശേഷം മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു പ്രതിഷേധം. പിന്‍നിരയില്‍ നിന്ന് വേദിക്ക് സമീപത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് തടഞ്ഞു. 

കേന്ദ്ര സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രവര്‍ത്തകരാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.