തിരുവനന്തപുരം: ജൂനിയര്‍ ടൈം സ്കെയില്‍ ഓഫീസര്‍ എന്ന പേരിലാണ് കെ.എ.എസില്‍ നിയമനം നല്‍കുന്നത്. തുടക്കത്തില്‍ 75,000-ത്തോളം രൂപ ശമ്പളമായി ലഭിക്കും. പുതുക്കിയ സ്കെയില്‍ 63,700-1,23,700 ആണ്. പത്ത് ശതമാനം എച്ച്.ആര്.എ.യും ഏഴ് ശതമാനം ഡി.എ.യും ചേര്‍ത്താണ് ശമ്പളം നിശ്ചയിക്കുന്നത്. സംസ്ഥാന സര്‍വീസിലെ രണ്ടാം ഗസറ്റഡ് തസ്തികയാണിത്.
ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മിഷണര്‍, സഹകരണ വകുപ്പില്‍ ഡെപ്യൂട്ടി രജിസ്റ്റാര്‍, സാംസ്കാരിക വകുപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഡി.ഇ.ഒ., ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, തൊഴില്‍ വകുപ്പില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, ജില്ലാ ലോട്ടറി ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറി, ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ജില്ലാ രജിസ്ട്രാര്‍, വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ 140-ഓളം തസ്തികകളിലായിരിക്കും നിയമനം. ഐ.എ.എസുകാര്ക്കെന്നപോലെ വ്യത്യസ്ത വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ഇവര്‍ക്ക് നിയമനം ലഭിക്കും. വകുപ്പുകള്‍ മാറ്റവുമുണ്ടാകും. സീനിയര്‍ ടൈംസ്കെയില്‍, സെലക്ഷന് ഗ്രേഡ്, സൂപ്പര്‍ ടൈം സ്കെയില്‍ എന്നിവയാണ് കെ.എ.എസിന്റെ സ്ഥാനക്കയറ്റ തസ്തികകള്‍. ഹയര്‍ ഗ്രേഡില്‍ 95,000 രൂപ വരെ ശമ്പളം ലഭിക്കും.
എട്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാനക്വാട്ടയില് ഐ.എ.എസിലേക്ക് നേരിട്ട് പ്രവേശിക്കാം. നിലവില്‍ സംസ്ഥാന ക്വാട്ടയില്‍ ഐ.എ.എസിന്റെ 70-ലേറെ ഒഴിവുകളുണ്ട്.
3,08,138 പേര് പ്രാഥമികപരീക്ഷയെഴുതി
ബിരുദധാരികളായ പൊതുവിഭാഗക്കാര്ക്കുള്ള ഒന്നാം കാറ്റഗറിയില്‍ 3,08,138 പേര് പ്രാഥമികപരീക്ഷയെഴുതി. വിജയിച്ച 2005 പേര്‍ക്ക് മുഖ്യപരീക്ഷയ്ക്ക് അവസരം നല്കി. അത് വിജയിച്ച 197 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 190 പേരുടെ റാങ്ക്പട്ടിക തയ്യാറാക്കി.
സര്‍ക്കാര്‍ സര്‍വീസിലുള്ള ഗസറ്റഡ് അല്ലാത്തവരുടെ രണ്ടാം കാറ്റഗറിയില്‍ 20,292 പേര് പ്രാഥമിക പരീക്ഷയ്ക്കെത്തി. അതില്‍ നിന്ന് 985 പേരെ മുഖ്യപരീക്ഷയെഴുതാന്‍ തിരഞ്ഞെടുത്തു. കൂടുതല്‍ മാര്‍ക്ക് നേടിയ 189 പേര്‍ക്ക് അഭിമുഖം നടത്തി. 185 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ഒന്നാം ഗസറ്റഡ് റാങ്കിലുള്ളവരുടെ മൂന്നാം കാറ്റഗറിയില്‍ 2951 പേര് അപേക്ഷിച്ചു. 1396 പേര് പ്രാഥമിക പരീക്ഷയെഴുതി. 723 പേരെ മുഖ്യപരീക്ഷയെഴുതാന്‍ അനുവദിച്ചു. അതില്‍ നിന്ന് 196 പേര് അഭിമുഖത്തിനെത്തി. 187 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..