തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനത്തോടെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് (കെ.എ.എസ്.) വീണ്ടും ജീവന്‍വെയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ നടപടികളാണ് ഇടയ്ക്ക് മരവിച്ചും മരിച്ചും ഇതുവരെയെത്തിയത്. ഇനി പി.എസ്.സി.യുടെ അംഗീകാരംനേടി നിയമവും ചട്ടങ്ങളും തയ്യാറാക്കുന്നതുമാത്രം ബാക്കി.
സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം കാര്യക്ഷമമാക്കുകയും ഐ.എ.എസിലേക്ക് സമര്‍ഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് കെ.എ.എസിനെക്കുറിച്ച് ആലോചനയുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇ.കെ. ഭരത് ഭൂഷണ് ചീഫ് സെക്രട്ടറിയായപ്പോഴാണ് നടപടികള്‍ക്ക് വേഗമുണ്ടായത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതി പഠനറിപ്പോര്‍ട്ട് തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റ് 16-ന് ആദ്യ ഉത്തരവ് പുറത്തിറങ്ങി. പിന്നീട് പലഘട്ടങ്ങളിലായി സര്‍വീസ് സംഘടനകളുമായും സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകളുമായി പ്രത്യേകിച്ചും ചര്‍ച്ചകള്‍ നടത്തി. കെ.എ.എസിന്റെ ആവശ്യകത ഈ സംഘടനകള്‍ക്കെല്ലാം ബോധ്യപ്പെട്ടതാണെങ്കിലും നടപടികള്‍ വൈകി.
കെ.എ.എസ്. കൊള്ളാമെങ്കിലും അതില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകള്‍ നിലപാടറിയിച്ചത്. സര്‍വീസിലുള്ളവരുടെ ഉദ്യോഗക്കയറ്റം നിലയ്ക്കുമെന്നതാണ് ഇവരുടെ ആശങ്ക. എന്നാല്‍, സെക്രട്ടേറിയറ്റ് സര്‍വീസിനെ ഒഴിവാക്കിയുള്ള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് മറ്റ് സര്‍വീസ് സംഘടനകളും വാദിച്ചു.
സെക്രട്ടേറിയറ്റ് സര്‍വീസ്കൂടി ഉള്‍പ്പെടുത്തിയാല്‍ 720-ലേറെ തസ്തികകള്‍ കെ.എ.എസിലാകും. ബാക്കി 90 ശതമാനംവരുന്ന 6500-ഓളം തസ്തികകള്‍ സ്ഥാനക്കയറ്റത്തിനായി മാറ്റിവെയ്ക്കാമെന്നും അന്ന് ധാരണയിലെത്തിയിരുന്നു. ഇതെല്ലാം വിശദമാക്കുന്ന ഉത്തരവ് 2015 ജനുവരി അഞ്ചിന് ചീഫ് സെക്രട്ടറി പുറത്തിറക്കി.
ആ ഉത്തരവിന് മൂന്നുദിവസത്തെ ആയുസ്സുപോലും ലഭിച്ചില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമരത്തിനുമുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി. 2015 ജനുവരി എട്ടിന് പുതുക്കി പുറത്തിറക്കിയ ഉത്തരവില്‍ സെക്രട്ടേറിയറ്റ് സര്‍വീസിനെ കെ.എ.എസില്‍ ഉള്‍പ്പെടുത്തുന്നത് മന്ത്രിതല ഉപസമിതി തീരുമാനിക്കുമെന്നാണ് അറിയിച്ചത്. ഒരുവര്‍ഷം കാത്തിരുന്നിട്ടും ആ സമിതിക്ക് തീരുമാനമെടുക്കാനായില്ല.
അതിനിടെ, ചീഫ് സെക്രട്ടറിമാര്‍ക്കും മാറ്റമുണ്ടായി. പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് വീണ്ടും ചര്‍ച്ച തുടങ്ങിയത്. വിവിധ തലങ്ങളില്‍ മൂന്നുവട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോഴത്തെ ഉത്തരവിറങ്ങുന്നത്. ഭരണപരമായ പ്രതിസന്ധികള്‍ മറികടക്കുന്നതും തൊഴിലന്വേഷകരായ പതിനായിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമാകും പുതിയ സര്‍വീസെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..