കരുവന്നൂർ സഹകരണ ബാങ്ക് |ഫോട്ടോ:മാതൃഭൂമി
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും നടപടി. അഡ്മിനിസ്ട്രേറ്റര്‍ എം.സി. അജിത്തിനെ മാറ്റി. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് 2018-ല്‍ അന്വേഷണം നടത്തിയത് ഇതേ അഡ്മിനിസ്ട്രേറ്ററായതിനാലാണ് മാറ്റിയത്. പകരം മൂന്നംഗ അഡ്മിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതല നല്കി ഉത്തരവിറങ്ങി.
ബാങ്കിന്റെ ഓഡിറ്റ് നടപടികളുടെ മേല്‍നോട്ടം കഴിഞ്ഞ നാല് വര്‍ഷമായി വഹിച്ചിരുന്നത് എം.സി. അജിത്താണ്. തട്ടിപ്പുകള്‍ കണ്ടെത്തി നടപടി എടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ക്ക് ബാങ്കിലെ എല്ലാ തട്ടിപ്പുകളും അറിയാമായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.
ഇത്തരത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാര്‍ ഇക്കാര്യം പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് പകരമായി മൂന്നംഗ സമിതിയേയും നിയമിച്ചു. സീനിയര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.കെ.രവീന്ദ്രന്, സീനിയര്‍ ഇന്‍സ്പെക്ടര്‍മാരായ എ.എം. വിനോദ്, കെ.കെ. പ്രമോദ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഭരണചുമതല മുഴുവന്‍ കമ്മറ്റിക്ക് കൈമാറി.
തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരന് പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാറാണ് എം.സി. അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തിയത്.
Content Highlights: Karuvannur coop. bank scam: Administrator M.C. Ajith was replaced
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..