സി.കെ ജിൽസ്
തൃശൂര്‍: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സി.കെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങള്‍ അറിയില്ല, സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജില്‍സ് പ്രതികരിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ജില്‍സ്. 26നാണ് ജില്‍സ് ജാമ്യത്തിലിറങ്ങിയത്.
ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നവരുമായി വ്യക്തിപരമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു സജീവ പാര്‍ട്ടി പ്രവര്‍ത്തകനല്ല.
ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി തോന്നിയിരുന്നില്ല. താന്‍ ചുമതലയൊഴിയുന്നതുവരെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജില്‍സ് പറഞ്ഞു.
കരുവന്നൂര്‍ കേസ്, സമാനതകളില്ലാത്ത തട്ടിപ്പ്
കേരളത്തിന്റെ ചരിത്രത്തിലെ വലിയ സഹകരണത്തട്ടിപ്പാണ് കരുവന്നൂരിലേത്. ആറ് മുഖ്യപ്രതികള്‍ക്കു പുറമേ, 11 ഭരണസമിതിയംഗങ്ങളാണ് പ്രതികള്‍. പണാപഹരണത്തിനായി സംഘംചേരല്‍, പണംതട്ടല്‍, വ്യാജരേഖ ചമയ്ക്കല്‍, കംപ്യൂട്ടറില്‍ കൃത്രിമംവരുത്തല്‍, ആള്‍മാറാട്ടം, വഞ്ചന, കൃത്യവിലോപം, സര്‍ക്കാരിന് ധനനഷ്ടമുണ്ടാക്കല്‍, ഔദ്യോഗികപദവി ദുരുപയോഗം െചയ്യല്‍, തട്ടിപ്പിന് കൂട്ടുനില്‍ക്കല്‍, കരാര്‍ലംഘനം, ഭീഷണി, സ്വത്ത് കൈവശപ്പെടുത്തല്‍, ആത്മഹത്യപ്രേരണ, ചികിത്സ നിഷേധിക്കുന്നതുകാരണമുള്ള മരണം എന്നിവയുള്‍പ്പെടെയാണ് 50 കുറ്റങ്ങള്‍.
ബാങ്കിന്റെ സെക്രട്ടറി 2021 ജൂലായ് 14-ന് നല്കിയ പരാതിയിലാണ് ഇരിങ്ങാലക്കുട പോലീസ് ആദ്യമായി കേസെടുക്കുന്നത്. 300 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് കാണിച്ചായിരുന്നു ഈ കേസ്. ഇതുപിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. അതിനുശേഷം സഹകരണവിദഗ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ 226.78 കോടിയുെട ക്രമക്കേട് നടന്നതായി കണ്ടെത്തി. ഈ റിപ്പോര്‍ട്ട് 2021 ഓഗസ്റ്റ് ഒന്‍പതിനാണ് സമര്‍പ്പിച്ചത്. എന്നാല്‍, 104 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സഹകരണമന്ത്രി പിന്നീട് പറഞ്ഞത്.
ഒരു മുഖ്യപ്രതിക്കുകൂടി ജാമ്യം ആറ് മുഖ്യ പ്രതികളാണുള്ളത്. ഭരണസമിതിയംഗങ്ങളടക്കം 16 പേര് കേസില്‍ അറസ്റ്റിലായിരുന്നു. നാലുപേര്‍മാത്രമാണ് ഇപ്പോള്‍ ജയിലിലുള്ളത്.
21 വര്‍ഷം ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്. സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ കെ.എം. ബിജു കരീം, കമ്മിഷന് ഏജന്റ് എ.കെ. ബിജോയ്, ഇടനിലക്കാരന് കിരണ്‍ എന്നിവരാണ് വിചാരണത്തടവുകാരായി ജയിലിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..