തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ ബ്രാഞ്ച് മാനേജറായ ബിജു കരീമും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. വായ്പാ ചട്ടങ്ങള്‍ പൂര്‍ണമായും കാറ്റില്‍പ്പറത്തി ഇരുവരും 46 ലോണുകളില്‍നിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തി. ബാങ്കില്‍ ജോലി ലഭിച്ചതിനു ശേഷം ഞെട്ടിക്കുന്ന സാമ്പത്തിക വളര്‍ച്ചയായിരുന്നു ഇവര്‍ക്കുണ്ടായതെന്ന് നാട്ടുകാരും പറയുന്നു.

സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങളെല്ലാം മറന്നാണ് കരുവന്നൂരില്‍ തട്ടിപ്പ് നടന്നത്. അതിന് നേതൃത്വം വഹിച്ചത് മുന്‍ ബ്രാഞ്ച് മാനേജറായ ബിജു കരീമാണ്. ബാങ്കിലെ കമ്മീഷന്‍ ഏജന്റായ ബിജോയിയും അതിന് കൂട്ടുനിന്നു. 

ബിജോയ് മാത്രം 28 വായ്പകളില്‍നിന്നായി 26 കോടി രൂപ ബാങ്കില്‍നിന്ന് എടുത്തു. ബിജു കരീം 18 വായ്പകളില്‍നിന്ന് 20 കോടിയില്‍ അധികവും ബാങ്കില്‍നിന്ന് തിരിമറി നടത്തി. സ്വന്തം പേരിലെടുത്തതിനൊപ്പം ബന്ധുക്കളുടെ പേരിലും ലോണുകള്‍ എടുത്തു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വളരെ മോശം സാമ്പത്തിക സ്ഥിതിയിലുണ്ടായിരുന്ന ബിജു കരീം ബാങ്കില്‍ ജോലി ലഭിച്ച ശേഷം വലിയ സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാക്കിയതെന്ന് നാട്ടുകാരും പറയുന്നു. പുതിയ സ്ഥലം വാങ്ങുകയും വലിയ വീട് നിര്‍മിക്കുകയും ചെയ്തു. വിലകൂടിയ നിരവധി വാഹനങ്ങളും വാങ്ങി. ആഢംബരപൂര്‍ണമായ ജീവിതമാണ് നയിച്ചുവന്നിരുന്നതെന്നും അവര്‍ പറയുന്നു. 

തേക്കടിയിലെ റിസോര്‍ട്ട് നിര്‍മാണം നിലച്ചിട്ട് രണ്ടുവര്‍ഷം

കുമളി: തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്ക് വായ്പ നിക്ഷേപ തട്ടിപ്പിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് തേക്കടിയില്‍ ആരംഭിച്ച റിസോര്‍ട്ടിന്റെ നിര്‍മാണം നിലച്ചിട്ട് രണ്ട് വര്‍ഷം. ആദ്യഘട്ട നിര്‍മാണത്തിന് കരാറെടുത്തവര്‍ക്ക് ഇനിയും കിട്ടാനുള്ളത് 18 ലക്ഷം രൂപ. മൂന്നരക്കോടി രൂപയാണ് ആദ്യഘട്ട നിര്‍മാണത്തിന് ഇവര്‍ വകയിരുത്തിയതെന്ന് കരാറുകാരന്‍ പറയുന്നു.

2014-ല്‍ തേക്കടി റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇരിങ്ങാലക്കുട ആനന്ദത്തുപറമ്പില്‍ എ.കെ.ബിജോയിയാണ് കെട്ടിട നിര്‍മാണത്തിന് കുമളി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്ന പേരിലാണ് ബിജോയി ഉദ്യോഗസ്ഥരെ പരിചയപ്പെട്ടത്. പഞ്ചായത്തിലെ പത്തുമുറി വാര്‍ഡില്‍ റിസോര്‍ട്ടിനുള്ള സ്ഥലവും ഇവര്‍ ഇതിനോടകം അന്ന് കണ്ടെത്തിയിരുന്നു.

2012-ല്‍ മൂന്നുപേരില്‍നിന്നുമായി വാങ്ങിയ എട്ടരയേക്കര്‍ സ്ഥലത്തില്‍ ബിജോയി തന്റെ പേരിലാക്കിയ രണ്ടര ഏക്കര്‍ സ്ഥലത്തിനാണ് ആദ്യം അനുമതി വാങ്ങിയത്. നിര്‍മാണം പുരോഗമിക്കവെ 2017-ല്‍ പഞ്ചായത്തില്‍നിന്ന് കൂടുതല്‍ നിര്‍മാണങ്ങള്‍ക്കുള്ള അനുമതി വാങ്ങിയെങ്കിലും പിന്നീട് നിര്‍മാണം നടത്താന്‍ കഴിയാതെ മുടങ്ങുകയായിരുന്നു.

ontent Highlights: Karuvannur Co-operative bank scam