തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന മുൻ സിപിഎം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഎം മുൻ പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്നാണ് സഹോദരൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി മുതലാണ് സുജേഷിനെ കാണാതായത്. കരുവന്നൂർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് സുജേഷ് കണ്ണാട്ട്. പാർട്ടിയിൽ ഉള്ളവർ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം വഹിക്കുന്നു എന്ന് സിപിഎം ബ്രാഞ്ച് യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം ശക്തമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പായിരുന്നു അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. 

ബാങ്കിൽ നിന്ന് 50 ലക്ഷത്തിൽ കൂടുതൽ വായ്പ എടുത്തവരിൽ പാർട്ടി അംഗങ്ങൾ ഉണ്ട് എന്നതിന്റെ തെളിവുകൾ ഉൾപ്പെടെ സുജേഷ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ബാങ്ക് വായ്പ എടുത്തവർക്കും നിക്ഷേപം നടത്തിയവർക്കും നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ഒറ്റയാൾ പോരാട്ടം നടത്തിയ ആൾ കൂടിയാണ് അദ്ദേഹം. ഇതിന് പിന്നാലെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന്  ഭീഷണികൾ ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്ന് തന്നെ പരാതി നൽകിയതെന്നും വീട്ടുകാർ വ്യക്തമാക്കി. 

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Content Highlights: Karuvannur bank scam - CPM former leader missing after strike