കരുവന്നൂർ ബാങ്ക്
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായവരെ കൂടുതല്‍ ദുരിതത്തിലാക്കി നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിബന്ധനകള്‍ കടുപ്പിച്ചു. പണം നല്‍കുന്നത് ടോക്കണ്‍ ഉള്ളവര്‍ക്ക് മാത്രം. നാലുമാസത്തില്‍ ഒരിക്കല്‍ പതിനായിരം രൂപ നല്‍കും. അതേസമയം സി.പി.എം. ബന്ധമുള്ളവര്‍ക്ക് ഈ വ്യവസ്ഥകള്‍ ഇല്ലാതെ പണം നല്‍കുന്നതായി മാടായിക്കോണം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് പറഞ്ഞു.
തട്ടിപ്പ് പുറത്തുവന്നതിന് ആദ്യദിവസങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ നിശ്ചിത തുക ബാങ്കില്‍നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിബന്ധനകള്‍ കൂട്ടി. പണം ആവശ്യമുള്ളവര്‍ ആദ്യം പോയി ടോക്കണ്‍ എടുക്കണം. പിന്നെയും നാലുമാസം കഴിഞ്ഞാലാണ് പതിനായിരം രൂപ ലഭിക്കുക. ചികിത്സാ ആവശ്യത്തിന് ഉള്‍പ്പെടെ കൂടുതല്‍ പണം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബാങ്ക് അധികൃതരാണ്. അഥവാ നിക്ഷേപകര്‍ക്ക് പണം നല്കിയാലും ആവശ്യമുള്ളതിലും പലമടങ്ങ് കുറവാണ് നല്‍കുക.
ഭാര്യയുടെ രണ്ടു കണ്ണുകളിലും ശസ്ത്രക്രിയ ചെയ്യാന്‍ അറുപതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്ന് പുഷ്പരാജ് എന്ന നിക്ഷേപകന് പറഞ്ഞു. അതേസമയം സി.പി.എം. നേതാക്കളുടെ അടുപ്പക്കാര്‍ക്ക് ഇഷ്ടം പോലെ പണം നല്‍കുന്നതായി സുജേഷ് കണ്ണാട്ട് പറയുന്നു. ബാങ്കില്‍ പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബാങ്കിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ലഭിച്ച ഫണ്ട്, ഇവര്‍ ഇവരുടെ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്ക് പ്രസിഡന്റ് ദിവാകരന്റെ മകളുടെ ഭര്‍ത്താവിന്റെ പേരിലുള്ള നിക്ഷേപം പോലും ആ സമയത്ത് പിന്‍വലിക്കുകയാണ് ചെയ്തിട്ടുള്ളത്. ആദ്യമായിട്ട് പണം വന്നപ്പോള്‍ അവര്‍ അവരുടെ വേണ്ടപ്പെട്ടവരുടെ പണം പിന്‍വലിക്കുകയാണുണ്ടായതെന്നും സുജേഷ് ആരോപിച്ചു.
സി.പി.എം. ഭരണസമിതിക്ക് തട്ടിപ്പില്‍ വലിയ പങ്കുണ്ടെന്നാണ് മൂന്നാം പ്രതിയായ ജില്‍സ് പറയുന്നത്. എല്ലാം ചെയ്തത് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞത് അനുസരിച്ചാണെന്നും ജില്‍സ് പറയുന്നു. ജീവനക്കാരന് എന്ന നിലയ്ക്ക് സെക്രട്ടറിയുടെ അല്ലെങ്കില്‍ ഭരണസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..